ലക്‌നൗ : രാമനവമി ആഘോഷത്തിന് ഒരുങ്ങി അയോദ്ധ്യ രാമക്ഷേത്രം. രാമനവമി ദിനത്തിൽ അയോദ്ധ്യാ രാമക്ഷേത്രത്തിൽ രാംലല്ലയുടെ സൂര്യാഭിഷേകം നടക്കും. നാളെ ഉച്ചയ്ക്ക് 12.16 നാണ് സൂര്യാഭിഷേകം നടക്കുക. അഞ്ച് മിനിട്ട് നേരം രാംലല്ലയുടെ നെറ്റിയിൽ സൂര്യരശ്മികൾ പതിക്കും. 56 തരം ഭോഗ് പ്രസാദവും രാം ലല്ലയ്ക്ക് നൽകും.
ഉത്സവത്തിനുള്ള എല്ലാ ക്രമീകരണങ്ങളും ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണെന്നും രാമനവമി വളരെ ആവേശത്തോടെ ആഘോഷിക്കുമെന്നും രാമജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു. പ്രാണപ്രതിഷ്ഠ ചടങ്ങിന് ശേഷം ആദ്യമായി നടക്കുന്ന ആഘോഷമാണിത്. ഭഗവാൻ രാംലല്ലയുടെ ജന്മദിനമായ രാമനവമി ദിനത്തിൽ രാവിലെ 3.30ന് ക്ഷേത്ര ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് അഭിഷേകവും 5 മണിക്ക് ശൃംഗാർ ആരതിയും നടക്കും. രാംലല്ലയുടെ ദർശനവും മറ്റ് ആരാധനാ ചടങ്ങുകളും പതിവുപോലെ നടക്കും.
മംഗള ആരതി മുതൽ രാത്രി 11. 00 വരെ ദർശനം തുടരും. ദർശനത്തിന്റെ ദൈർഘ്യം 19 മണിക്കൂറാക്കിയാണ് ട്രസ്റ്റ് ഉയർത്തിയിരിക്കുന്നത്. അയോദ്ധ്യയിലുടനീളം നൂറോളം എൽഇഡി സ്‌ക്രീനുകളിൽ രാമനവമി ആഘോഷം സംപ്രേക്ഷണം ചെയ്യും. ട്രസ്റ്റിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുമെന്നും ട്രസ്റ്റ് അറിയിച്ചു.
Discussion about this post