യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമി കാണാതെ ബാഴ്സലോണ പുറത്ത്. രണ്ടാംപാദ ക്വാർട്ടർ ഫൈനലിൽ പിഎസ്ജിയാണ് ബാഴ്സയെ തകർത്ത് സെമിയിൽ കടന്നത്. ബാഴ്സയുടെ തട്ടകത്തിൽ അരങ്ങേറിയ മരണപ്പോരിൽ 4-1നായിരുന്നു പിഎസ്ജിയുടെ വിജയം.
റഫീഞ്ഞയിലൂടെ പന്ത്രണ്ടാം മിനിറ്റിൽ ലീഡ് നേടിയ ശേഷമാണ് പിന്നീട് നാല് ഗോളുകൾ വഴങ്ങി ബാഴ്സലോണ മത്സരം അടിയറവ് പറഞ്ഞത്. 29 ആം മിനിറ്റിൽ അറാഹോ ചുവപ്പ് കാർഡ് കണ്ട് കളം വിട്ടതാണ് സാവിയുടെ ടീമിന് തിരിച്ചടിയായത്.
പിഎസ്‌ജിക്കായി സൂപ്പർ താരം കിലിയൻ എംബാപ്പെ ഇരട്ട ഗോളുകൾ സ്വന്തമാക്കിയപ്പോൾ, ഡെമ്പെലെയും വിറ്റീഞ്ഞയും ഓരോ ഗോളുകൾ നേടി. പാരീസിൽ നടന്ന ആദ്യപാദ ക്വാർട്ടർ 3-2ന് ബാഴ്സലോണ ജയിച്ചിരുന്നു. ഇരു പാദങ്ങളിലുമായി 6-4ന്റെ അഗ്രിഗേറ്റ് സ്‌കോറിനാണ് പിഎസ്‌ജി UCL സെമിയിൽ കടന്നത്.
ആവേശം അലയടിച്ച സൂപ്പർ പോരാട്ടത്തിൽ സിമിയോണിയുടെ അത്‌ലറ്റിക്കോ മാഡ്രിഡിനെ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താക്കി ബൊറൂസിയ ഡോർട്ട്മുണ്ട് സെമിഫൈനലിൽ പ്രവേശിച്ചു. ആദ്യപാദ ക്വാർട്ടർ അത്‌ലറ്റികോ മാഡ്രിഡ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജയിച്ചിരുന്നു. എന്നാൽ, രണ്ടാംപാദത്തിൽ സ്പാനിഷ് വമ്പൻമാർക്ക് അടിതെറ്റുകയായിരുന്നു.
രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബൊറൂസിയ ഡോർട്ട്മുണ്ട് സ്വന്തം ഗ്രൗണ്ടിൽ അത്ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ചത്. ചാമ്പ്യൻസ് ലീഗിന്റെ സെമിയിൽ ഫ്രഞ്ച് കരുത്തരായ പിഎസ്ജിയാണ് ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ എതിരാളികൾ.
Discussion about this post