കോഴിക്കോട് : യുഡിഎഫ് സൈബർ ആക്രമണം നടത്തുന്നു എന്ന കെ കെ ശൈലജയുടെ ആരോപണം നുണ ബോംബ് ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എൽഡിഎഫിനെ പോലെ ഒരു സ്ഥാനാർത്ഥിയെയും അപമാനിക്കുന്ന രീതി യുഡിഎഫ് സ്വീകരിക്കില്ല. ശൈലജ 20 ദിവസം മുൻപ് പരാതി നൽകി എന്ന് പറയുന്നു. എന്നിട്ടും പോലീസും മുഖ്യമന്ത്രിയും എന്തുകൊണ്ട് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ല എന്നും വി ഡി സതീശൻ ചോദ്യമുന്നയിച്ചു.
കെ കെ രമ, ഉമാ തോമസ് തുടങ്ങിയ വനിതാ നേതാക്കളെ സിപിഎം നേതാക്കൾ പരസ്യമായി അപമാനിച്ച സമയത്ത് കെ കെ ശൈലജ എവിടെയായിരുന്നു എന്നും സതീശൻ ചോദിച്ചു. സിപിഎം നേതാവ് എംഎം മണി നാട്ടിൽ മുഴുവൻ നടന്ന് സ്ത്രീകളെ അപമാനിക്കുമ്പോഴും ശൈലജയെ ആരും കണ്ടിട്ടില്ല. എന്നാൽ ഇപ്പോൾ പാനൂരിലെ ബോംബ് സ്ഫോടനത്തോടെ സിപിഎം ക്ഷീണിച്ചിരിക്കുന്ന അവസ്ഥയിൽ യുഡിഎഫിനെതിരെ ആരോപണം ഉന്നയിക്കുകയാണെന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു.
വി ഡി സതീശന്റെ ആരോപണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായാണ് കെ കെ ശൈലജ രംഗത്ത് എത്തിയത്. സതീശന്റെ ആരോപണങ്ങൾക്കുള്ള മറുപടി ജനം തന്നെ നേരിട്ട് നൽകുമെന്ന് ശൈലജ അഭിപ്രായപ്പെട്ടു. വ്യക്തിഹത്യ ആരോപണം ഇരുട്ടിൽ തപ്പി പറഞ്ഞതല്ല. പ്രതിപക്ഷനേതാവ് കുറച്ചുകൂടി കാര്യങ്ങൾ അറിഞ്ഞു സംസാരിക്കണം എന്നും കെ കെ ശൈലജ വ്യക്തമാക്കി.
Discussion about this post