എറണാകുളം : ഫോർട്ട് കൊച്ചിയിൽ ഹമാസ് അനുകൂല പോസ്റ്ററുകൾ കീറിയെറിഞ്ഞ ജൂതവനിതയ്ക്ക് ജാമ്യം ലഭിച്ചു. മട്ടാഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം നൽകിയത്. ഓസ്ട്രിയ സ്വദേശിയായ ജൂത വംശജ സാറ ഷിലാൻസി ആണ് ഫോർട്ട് കൊച്ചിയിൽ സ്റ്റുഡൻസ് ഇസ്ലാമിക് ഓർഗനൈസേഷൻ പ്രവർത്തകർ കെട്ടിയിരുന്ന ഹമാസ് അനുകൂല പോസ്റ്ററുകൾ വലിച്ചുകീറി കളഞ്ഞത്.
തിങ്കളാഴ്ച വൈകിട്ട് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്റ്റുഡൻസ് ഇസ്ലാമിക് ഓർഗനൈസേഷൻ പ്രവർത്തകർ ഫോർട്ട് കൊച്ചിയിൽ ഹമാസ് അനുകൂല പോസ്റ്ററുകൾ പതിക്കുകയും ഫ്ലക്സുകൾ കെട്ടുകയും ചെയ്തിരുന്നു. ഇതിനിടയിൽ ആയിരുന്നു കേരള സന്ദർശനത്തിന് എത്തിയ ഓസ്ട്രിയൻ വനിതയായ സാറ ഇവിടെ എത്തിയത്. ഹമാസ് അനുകൂല പോസ്റ്റർ കണ്ടു രോഷാകുലയായ സാറ ഫ്ലക്സ് വലിച്ചുകീറുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സാറക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ പ്രവർത്തകർ ഫോർട്ടുകൊച്ചി പോലീസ് സ്റ്റേഷനു മുൻപിൽ പ്രതിഷേധിച്ചിരുന്നു. തുടർന്ന് പോലീസ് വിദേശ വനിതക്കെതിരെ കേസെടുക്കുകയായിരുന്നു. സംഭവം അറിഞ്ഞ് ഓസ്ട്രിയ എംബസി വിഷയത്തിൽ ഇടപെട്ടിരുന്നു.
Discussion about this post