ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് തുടക്കമാകുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ ജനാധിപത്യ വിശ്വാസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏവരും അവരുടെ സമ്മദിതായവകാശം ഫലപ്രദമായി വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓരോ വോട്ടും ഓരോ പൗരന്റെയും ശബ്ദമാണെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹം സന്ദേശം പങ്കുവച്ചത്.
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇന്ന് തുടക്കമാകുകയാണെന്ന് പ്രധാനമന്ത്രി ഓർമ്മിച്ചു. 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതുന്നു. ഈ മണ്ഡലങ്ങളിലെ എല്ലാ വോട്ടർമാരും വോട്ടുകൾ രേഖപ്പെടുത്തി റെക്കോർഡ് സൃഷ്ടിക്കണം. എല്ലാ യുവതീ യുവാക്കളും കന്നിവോട്ടർമാരും ഉറപ്പായും തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്യുന്നു. ഓരോ വോട്ടും പ്രധാനമാണ്. ഓരോ ശബ്ദവും പ്രധാനമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇംഗ്ലീഷിന് പുറമേ ഹിന്ദി, തമിഴ്, മറാത്തി, ബംഗാളി, അസമീസ് ഭാഷകളിലും അദ്ദേഹം സന്ദേശം പങ്കുവച്ചിട്ടുണ്ട്.
രാവിലെ ഏഴ് മണി മുതൽ തന്നെ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചിട്ടുണ്ട്. തമിഴ്‌നാട്, രാജസ്ഥാൻ, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, അസം, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമ ബംഗാൾ, മണിപ്പൂർ, ത്രിപുര, ജമ്മു കശ്മീർ, ചത്തീസ്ഗഡ്, അരുണാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, മേഘാലയ, മിസോറം, നാഗാലാൻഡ് സിക്കിം എന്നീ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. ആദ്യ ഘട്ടത്തിൽ തമിഴ്‌നാട്ടിലെ മുഴുവൻ മണ്ഡലങ്ങളും വിധിയെഴുതും. ആൻഡമാൻ നിക്കോബാർ, പുതുച്ചേരി, ലക്ഷദ്വീപ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലും ഇന്ന് തിരഞ്ഞെടുപ്പ് നടക്കും,
Discussion about this post