ഐഎസ്എൽ സെമി ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിൽ ഇറങ്ങും. പ്ലേ ഓഫ് എലിമിനേറ്ററിൽ ഒഡീഷ എഫ്സിയാണ് കൊമ്പന്മാരുടെ എതിരാളികൾ. ഇന്ന് രാത്രി 7.30ന് ഒഡീഷയുടെ തട്ടകമായ ഭൂവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് ജീവൻമരണ പോരാട്ടം. നോക്ക് ഔട്ട് പോരാട്ടമായതിനാൽ ജയത്തിൽ കുറഞ്ഞൊന്നും ബ്ലാസ്റ്റേഴ്‌സ് ചിന്തിക്കുന്നുണ്ടാകില്ല.
ഇന്ന് നടക്കുന്ന പ്ലേ ഓഫ് മത്സരത്തിൽ ഒഡീഷയെ തോൽപ്പിക്കാനായാൽ ഇവാൻ വുകമനോവിച്ചിനും സംഘത്തിനും ഐഎസ്എല്ലിന്റെ സെമിയിൽ കളിക്കാനാകും. പ്ലേ ഓഫിൽ ജയിക്കുന്ന ടീം രണ്ട് പാദങ്ങളിലായി അരങ്ങേറുന്ന സെമിഫൈനൽ മത്സരങ്ങളിൽ ഷീൽഡ് വിന്നേഴ്സായ മോഹൻ ബഗാനെ നേരിടും.
ഒഡീഷ എഫ്സിയുമായി ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ട് തവണ ഏറ്റുമുട്ടിയപ്പോൾ ഓരോ മത്സരങ്ങൾ വീതം ഇരു ടീമുകളും ജയിക്കുകയായിരുന്നു. ലീഗ് മത്സരങ്ങളിൽ കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സും ഭൂവനേശ്വറിൽ ഒഡീഷയുമാണ് ജയിച്ചത്.
പരിക്കുമാറിയ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഇന്ന് ഒഡീഷക്കെതിരെ കളിച്ചേക്കും. കളിയുടെ ഗതി ഒറ്റയ്ക്ക് തിരിച്ചുവിടാൻ കെൽപ്പുള്ള പ്ലേ മേക്കർ ലൂണ ടീമിൽ തിരിച്ചെത്തിയതിന്റെ ആവേശത്തിലാണ് മഞ്ഞപ്പട. 13 ഗോളുകളുമായി സീസണിലെ ടോപ് സ്‌കോററായ ദിമിത്രിയോസ് ഡയമന്റക്കോസും ഒഡിഷയ്‌ക്കെതിരെ ബ്ലാസ്റ്റേഴ്‌സിനായി ഇറങ്ങുമെന്നാണ് കരുതുന്നത്. പരിക്ക് മാറിവരുന്ന ദിമി അവസാന രണ്ട് മത്സരങ്ങളിൽ കളിച്ചിരുന്നില്ല. അതേസമയം, സസ്‌പെന്‍ഷൻ നേരിടുന്ന ഡിഫന്‍ഡര്‍ നവോച്ച സിംഗ് ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഉണ്ടാകില്ല.
ഭുവനേശ്വറില്‍ ഇതുവരെ കളിച്ച മത്സരങ്ങളിൽ ഒന്നിലും ജയം നേടാൻ സാധിക്കാത്തതാണ് ബ്ലാസ്റ്റേഴ്‌സിന് അൽപ്പം ആശങ്ക സമ്മാനിക്കുന്നത്. ഗോൾ നേടാൻ മിടുക്കരായ റോയ് കൃഷ്ണയും ഡീഗോ മൗറിസ്യോയോയുമാണ് ഒഡീഷ നിരയിലെ അപകടകാരികൾ. ഒഡീഷ അവസാന രണ്ടുകളികളിലും പരാജയപ്പെട്ടെങ്കിലും സെമിയിൽ എത്താൻ ഉജ്ജ്വല പ്രകടനം തന്നെ ബ്ലാസ്റ്റേഴ്‌സിന് കാഴ്ചവെക്കേണ്ടി വരും.
Discussion about this post