അഹമ്മദാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്നായിരുന്നു അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ഗാന്ധിനഗർ തന്നെയാണ് ഇക്കുറിയും അമിത് ഷായുടെ മണ്ഡലം.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പമായിരുന്നു അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ഉച്ചയ്ക്ക് 12.39നായിരുന്നു കളക്ടർക്ക് അമിത് ഷാ നാമനിർദ്ദേശ പത്രിക കൈമാറിയത്. ഈ സമയത്തെ വിജയ മുഹൂർത്തം എന്നായിരുന്നു അമിത് ഷായും പാർട്ടി നേതാക്കളും വിശേഷിപ്പിച്ചത്.
നാമിനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ അദ്ദേഹം മാ്ദ്ധ്യമങ്ങളെ കണ്ടു. കഴിഞ്ഞ അഞ്ച് വർഷക്കാലമായി 22,000 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് ഗാന്ധിനഗറിൽ എത്തിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. മുതിർന്ന നേതാക്കളായ എൽ.കെ അദ്വാനി, അടൽ ബിഹാരി വാജ്‌പേയ് എന്നിവരെ പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാൻ കഴിഞ്ഞത് അഭിമാനമായി കാണുന്നു. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടുത്തെ വോട്ടർ കൂടിയാണ്. കഴിഞ്ഞ 30 വർഷക്കാലമായി മണ്ഡലത്തിലെ ജനപ്രതിനിധിയാണ് താൻ. ആളുകൾക്ക് തന്നോട് വലിയ സ്‌നേഹമാണ് എന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Discussion about this post