ജയ്പൂർ : കശ്മീർ വിഷയത്തിൽ പിഡിപി അദ്ധ്യക്ഷ മെഹബൂബ മുഫ്തിയെയും കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെയും രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിനെച്ചൊല്ലി ജമ്മു കശ്മീരിൽ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് ഇരുവരും പറഞ്ഞിരുന്നതായി കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
എന്നാൽ ഇപ്പോൾ കശ്മീരിൽ കല്ലെറിയാൻ ആർക്കും ധൈര്യമില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന റോഡ്‌ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
‘പ്രത്യേക പദവി എടുത്തുകളഞ്ഞാൽ ജമ്മു കശ്മീരിൽ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് മുഫ്തിയും ‘രാഹുൽ ബാബയും’ പ്രവചിച്ചിരുന്നു. എന്നാൽ ഇപ്പോൾ അത് ഒന്നും കാണുന്നില്ലല്ലോ എന്ന് അദ്ദേഹം ചോദിച്ചു. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരാണ്, ഇവിടെ കല്ലെറിയാൻ ആർക്കും ധൈര്യമില്ല, ‘- അമിത് ഷാ പറഞ്ഞു.
അതേസമയം കഴിഞ്ഞ 10 വർഷമായി ബിജെപി സർക്കാർ ഒരിക്കലും അധികാരം ദുരുപയോഗം ചെയ്തിട്ടില്ല. കേന്ദ്രത്തിൽ അധികാരത്തിലിരുന്നപ്പോൾ അധികാരം ദുരുപയോഗം ചെയ്തത് കോൺഗ്രസാണെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവർക്ക് സംവരണം നൽകുന്ന നയം ബിജെപി ഒരിക്കലും മാറ്റം വരുത്തില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
രാജസ്ഥാനിലെ 12 സീറ്റുകളിലേക്കുള്ള ആദ്യഘട്ടമായ വോട്ടെടുപ്പ് വെള്ളിയാഴ്ച പൂർത്തിയായി . ബാക്കിയുള്ള 13 സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 26 ന് നടക്കും. വോട്ടെണ്ണൽ ജൂൺ 4 നും നടക്കും.
Discussion about this post