പാലക്കാട് : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കെതിരായ പിണറായി വിജയന്റെ പരാമർശങ്ങൾക്കെതിരെയാണ് രമ്യ ഹരിദാസ് പ്രതികരിച്ചത്. രാജ്യം പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ഒരു ദേശീയ നേതാവിനെ നിരന്തരമായി അവഹേളിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് രമ്യ കുറ്റപ്പെടുത്തി.
രാജ്യം മുഴുവൻ ശ്രദ്ധയോടെ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണിത്. രാജ്യത്തിന്റെ ഭാവി തന്നെ തുലാസിൽ ആയിപ്പോകുന്ന തിരഞ്ഞെടുപ്പ്. എന്നാൽ ഈ തിരഞ്ഞെടുപ്പ് കാലത്തും ഫാസിസ്റ്റ് നയങ്ങളുമായി മുന്നോട്ടുപോകുന്ന ബിജെപി സർക്കാരിനെ വിമർശിക്കുന്നതിന് പകരം മുഖ്യമന്ത്രി പിണറായി വിജയൻ രാഹുൽഗാന്ധിയെ വിമർശിക്കുകയാണ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ പ്രസ്താവനകൾ എല്ലാവരെയും പോലെ എന്നെയും അത്ഭുതപ്പെടുത്തുന്നു എന്നാണ് രമ്യ ഹരിദാസ് അഭിപ്രായപ്പെട്ടത്.
രാജ്യം രക്ഷപ്പെടണം എന്ന ലക്ഷ്യത്തോടെ രാജ്യം മുഴുവൻ യാത്ര നടത്തി ജനങ്ങളിലേക്ക് ഇറങ്ങിയ നേതാവാണ് രാഹുൽ ഗാന്ധിയെന്നും രമ്യ ഹരിദാസ് അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ പാർട്ടിയുമായി പോലും സീറ്റുകൾ പങ്കുവെച്ചും പിന്തുണ നൽകിയും ആണ് രാഹുൽജി പ്രവർത്തിക്കുന്നത്. മുന്നണിക്ക് നേതൃത്വം നൽകുന്ന രാഹുൽജിയെ സഹായിക്കാൻ മനസ്സില്ലെങ്കിലും ദ്രോഹിക്കരുതെന്ന് അപേക്ഷിക്കുകയാണെന്നും രമ്യ ഹരിദാസ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
Discussion about this post