ലഖ്‌നൗ : അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന രാംലല്ല വിഗ്രഹത്തിന്റെ മാതൃകയിൽ നെതർലാൻഡ്സിലും രാംലല്ലയെ സ്ഥാപിക്കും. നെതർലാൻഡ്സിലെ ഹനുമാൻ ക്ഷേത്രത്തിലാണ് അയോധ്യയിലെ രാംലല്ലയുടെ അതേ മാതൃകയിലുള്ള വിഗ്രഹം സ്ഥാപിക്കുക. അയോധ്യക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തിയ ശേഷം ആയിരിക്കും ഈ രാംലല്ല വിഗ്രഹം നെതർലാൻഡ്സിൽ സ്ഥാപിക്കുക.
കാശിയിലെ പ്രശസ്ത ശില്പിയായ കനയ്യ ലാൽ ശർമയാണ് നെതർലാൻഡ്സിലെ ഹനുമാൻ ക്ഷേത്രത്തിൽ സ്ഥാപിക്കുന്നതിനുള്ള രാംലല്ല വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. നേരത്തെ ഇംഗ്ലണ്ടിന് വേണ്ടി ഡയാന രാജകുമാരിയുടെ ശില്പം നിർമ്മിച്ച് ശ്രദ്ധേയനായിട്ടുള്ള ശില്പിയാണ് കനയ്യ ലാൽ ശർമ. സനാതന ധർമ്മത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി യൂറോപ്പ്യൻ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഈറ്റർബ്ലിസ് ഫൗണ്ടേഷൻ ആണ് നെതർലാൻഡ്സിലെ ക്ഷേത്രത്തിൽ രാംലല്ല വിഗ്രഹം സ്ഥാപിക്കാൻ ഒരുങ്ങുന്നത്.
ആംസ്റ്റർഡാമിൽ സ്ഥിതിചെയ്യുന്ന ഹനുമാൻ ക്ഷേത്രത്തിൽ ആയിരിക്കും രാംലല്ല വിഗ്രഹം സ്ഥാപിക്കുക. ഇതിനു മുൻപായി അയോധ്യ ക്ഷേത്രത്തിൽ എത്തിച്ച് പ്രത്യേക പൂജകൾ നടത്തുന്നതായിരിക്കും. ഇതേ മാതൃകയിൽ മറ്റു യൂറോപ്യൻ രാജ്യങ്ങളിലും വിവിധ ക്ഷേത്രങ്ങളിൽ രാംലല്ല വിഗ്രഹം സ്ഥാപിച്ചുകൊണ്ട് സനാതന ധർമ്മത്തിന് കൂടുതൽ പ്രചാരണം നൽകുമെന്ന് ഈറ്റർബ്ലിസ് ഫൗണ്ടേഷൻ വ്യക്തമാക്കി.
Discussion about this post