കോഴിക്കോട് : വടകരയിൽ നടന്ന ‘ഈദ് വിത്ത് ഷാഫി’ പരിപാടിയിൽ പങ്കെടുത്തതിന് ഷാഫി പറമ്പിലിന് നോട്ടീസ്. പരിപാടിയിൽ പങ്കെടുത്തത് മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച പരാതിയെ തുടർന്നാണ് ഷാഫി പറമ്പിലിന് നോട്ടീസ് അയച്ചിരിക്കുന്നത്. ഷാഫി പ്രഥമദൃഷ്ട്യാ പെരുമാറ്റച്ചട്ട ലംഘനം നടത്തിയതായി കണ്ടെത്തിയെന്ന് നോട്ടീസിൽ സൂചിപ്പിക്കുന്നു.
വടകര ജുമാഅത്ത് പള്ളിയോട് ചേർന്ന വഖഫ് ഭൂമിയിൽ വെച്ചാണ് ‘ഈദ് വിത്ത് ഷാഫി’ എന്ന പരിപാടി നടന്നിരുന്നത്. ആരാധനാലയങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് നേരത്തെ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുള്ളതാണ്.
‘ഈദ് വിത്ത് ഷാഫി’ പരിപാടിക്കെതിരെ ലഭിച്ച പരാതിയെ തുടർന്ന് തിരഞ്ഞെടുപ്പ് നോഡൽ ഓഫീസറിന്റെ ചുമതലയുള്ള ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ആണ് ഷാഫി പറമ്പിലിന് നോട്ടീസ് അയച്ചിരിക്കുന്നത്. മൂന്ന് ദിവസത്തിനകം തന്നെ ഷാഫി മറുപടി നൽകണമെന്നും കളക്ടർ അയച്ച നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post