തൃശ്ശൂർ: സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകിനെതിരെ നടപടി. അദ്ദേഹത്തെ സ്ഥലം മാറ്റും. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. അദ്ദേഹത്തിന് പുറമേ എസിപി സുദർശനെയും സ്ഥലം മാറ്റാൻ നിർദ്ദേശമുണ്ട്.
തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്നാണ് നടപടി. പൂരക്കാരെ അങ്കിത് അശോക് തടയുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ സ്ഥലം മാറ്റാനുള്ള നിർദ്ദേശം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് സ്ഥലം മാറ്റാൻ തീരുമാനിച്ചത്. പൂരം നടത്തിപ്പിൽ പോലീസിന് വീഴ്ചയുണ്ടായോ എന്ന് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര വകുപ്പ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ആനയ്ക്ക് പട്ട കൊണ്ടുവന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവന്നവരെയുമാണ് അങ്കിത് തടഞ്ഞത്. ഇവരോട് അദ്ദേഹം കയർക്കുകയും ചെയ്തിരുന്നു. ഇത് അപ്പോൾ തന്നെ വലിയ അമർഷത്തിന് വഴിവച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
പോലീസിന്റെ അനാവശ്യ നിയന്ത്രണം പൂരം അലങ്കോലപ്പെടുത്തിയെന്നാണ് പൊതുവിൽ ഉയരുന്ന വിമർശനം. തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ് തടഞ്ഞതും പൂരത്തിന് എത്തിയവരെ ലാത്തി വീശി ഓടിച്ചതുമെല്ലാം പോലീസിനെതിരെ വലിയ രോഷവും വിമർശനവും ഉളവാക്കിയിട്ടുണ്ട്. ചരിത്രത്തിലാദ്യമായി തൃശ്ശൂർ പൂരം നിർത്തി വയ്‌ക്കേണ്ട സാഹചര്യം ഉൾപ്പെടെ ഉണ്ടായിരുന്നു.
Discussion about this post