തിരുവനന്തപുരം: കോൺഗ്രസ് നേതാവും വയനാട്ടിലെ ലോക്‌സഭാ സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധിയുടെ ഇന്നത്തെ കേരള സന്ദർശനം റദ്ദാക്കി. ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിൽ തുടരുന്ന പശ്ചാത്തലത്തിലാണ് സന്ദർശനം റദ്ദാക്കിയത്. കഴിഞ്ഞ ദിവസം ഝാർഖണ്ഡിൽ സംഘടിപ്പിച്ച ഇൻഡി സഖ്യംത്തിന്റെ മെഗാ റാലിയിൽ നിന്നും രാഹുൽ വിട്ട് നിന്നിരുന്നു.
കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസനാണ് രാഹുൽ കേരള സന്ദർശനം റദ്ദാക്കിയ വിവരം അറിയിച്ചത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട്ടിൽ എത്തിയ രാഹുൽ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം പ്രചാരണം നടത്തിയ ശേഷം ഡൽഹിയിലേക്ക് മടങ്ങിയിരുന്നു. തുടർന്ന് മറ്റ് സ്ഥാനാർത്ഥികളുടെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു അദ്ദേഹം ഇന്ന് കേരളത്തിലേക്ക് വരാനിരുന്നത്. തൃശ്ശൂർ, മാവേലിക്കര, ആലപ്പുഴ മണ്ഡലങ്ങളിൽ ആയിരുന്നു രാഹുലിന്റെ പരിപാടികൾ നിശ്ചയിച്ചിരുന്നത്.
കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയാണ് രാഹുലിന് ഭക്ഷ്യവിഷബാധയാണെന്ന വിവരം പുറത്തുവിട്ടത്. സാരമായ ആരോഗ്യപ്രശ്‌നങ്ങൾ അദ്ദേഹത്തിന് ഉണ്ടെന്നാണ് വിവരം. ഇതേ തുടർന്നാണ് ഝാർഖണ്ഡിലെ റാലിയിൽ നിന്നും വിട്ട് നിന്നത്.
Discussion about this post