തൃശ്ശൂർ: പൂരത്തിന്റെ സുഗമമായ നടത്തിപ്പിനായി സ്ഥിരം സംവിധാനം വേണമെന്ന ആവശ്യവുമായി തിരുവമ്പാടി ദേവസ്വം ബോർഡ്. ആനയെഴുന്നെള്ളിപ്പിനും വെടിക്കെട്ടിനും നിയമ സഭയിൽ നിയമം കൊണ്ടുവരണമെന്ന് പ്രസിഡൻറ് സുന്ദർ മേനോൻ ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിലായിരുന്നു ദേവസ്വം ബോർഡ് ആവശ്യം ഉന്നയിച്ചത്.
അടുത്ത വർഷം മുതൽ തൃശ്ശൂർ പൂരം നല്ല രീതിയിൽ നടത്താൻ തങ്ങൾക്ക് അനുമതി വേണം. എഴുന്നള്ളിപ്പിനും വെടിക്കെട്ടിനും സർക്കാർ നിയമം കൊണ്ടുവരണം. യോഗം വിളിച്ച് ഉദ്യോഗസ്ഥർ തീരുമാനിച്ചക്കുന്നതിന് അനുസരിച്ചാണ് പൂരം നടത്തുന്നത്. ഇത് പൂരത്തിന്റെ രീതികൾ ക്രമം തെറ്റാൻ കാരണം ആകുന്നുവെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.
പൂരം വെടിക്കെട്ട് അലങ്കോലമാക്കിയ കമ്മീഷണർക്കെതിരെ നടപടി വേണം. സ്വന്തം നിലയ്ക്കാണ് അദ്ദേഹം കാര്യങ്ങൾ ചെയ്തത്. ഗുണ്ടാ രാജാവിനെ പോലെയായിരുന്നു അദ്ദേഹം പെരുമാറിയത്. എസിപി സുദർശൻ പൂരത്തിന്റെ നടത്തിപ്പിന് ബുദ്ധിമുട്ട് ഉണ്ടാക്കിയില്ല. അതുകൊണ്ട് അദ്ദേഹത്തെ സ്ഥലം മാറ്റരുതെന്ന് ആഭ്യന്തര വകുപ്പിനോട് അപേക്ഷിച്ചിട്ടുണ്ട്. നടുവിലാൽ മുതൽ ശ്രീമൂലസ്ഥാനം വരെ ചാർജുള്ള ഒരു ഡിവൈഎസ്പി അപമര്യാദയായി പെരുമാറിയെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
രാത്രി മഠത്തിൽ വരവിന് റോഡ് അടയ്ക്കരുതെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ നിർദ്ദേശം പാലിച്ചേ പറ്റൂവെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. ഇതോടെ മഠത്തിൽവരവ് നിർത്തിവച്ചു. ജില്ലാ കളക്ടറുടെ ഉറപ്പിലാണ് വീണ്ടും വെടിക്കെട്ട് നടത്താൻ സമ്മതിച്ചത്. പോലീസ് അൽപ്പം കൂടി ജനകീയം ആകണമെന്നും ദേവസ്വം ആവശ്യപ്പെട്ടു.
Discussion about this post