കൊൽക്കത്ത : പശ്ചിമബംഗാളിൽ സർക്കാർ സ്കൂളിലെ അദ്ധ്യാപകരുടെ നിയമനത്തിൽ വ്യാപക അഴിമതിയെന്ന സിബിഐ കണ്ടെത്തൽ കൊൽക്കത്ത ഹൈക്കോടതി ശരിവെച്ചു. 2016 ൽ നടത്തിയ മുഴുവൻ നിയമനങ്ങളും ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതിയുടെ ഈ വിധിയോടെ 25,753 അദ്ധ്യാപകർക്ക് ജോലി നഷ്ടപ്പെടും.
അനധികൃത അധ്യാപക നിയമന കേസിൽ മുൻ ബംഗാൾ വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജി നേരത്തെ അറസ്റ്റിലായിരുന്നു. അനധികൃതമായി നിയമനം നേടിയ സ്കൂൾ അദ്ധ്യാപകർ നാലാഴ്ചയ്ക്കകം ശമ്പളം തിരികെ നൽകണമെന്നും കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ജസ്റ്റിസ് ദേവാങ്‌സു ബസക്, എംഡി ഷബ്ബാർ റഷീദി എന്നിവരാണ് അനധികൃത അദ്ധ്യാപക നിയമന കേസിൽ വിധി പ്രഖ്യാപിച്ചിരിക്കുന്നത്.
2016ൽ നടത്തിയ സംസ്ഥാന തല അദ്ധ്യാപക സെലക്ഷൻ ടെസ്റ്റിൽ 23 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ ആയിരുന്നു പങ്കെടുത്തിരുന്നത്. ഇവരിൽ നിന്നും ജോലി നേടിയ 25000 ത്തിൽ അധികം പേർ പണം നൽകിയുള്ള അനധികൃത നിയമനം വഴിയാണ് ജോലി നേടിയത് എന്നാണ് കൊൽക്കത്ത ഹൈക്കോടതി കണ്ടെത്തിയിട്ടുള്ളത്. നിയമന പരീക്ഷ നടത്തിയ 23 ലക്ഷം ഒഎംആർ ഷീറ്റുകളും പുനർ മൂല്യനിർണയം നടത്താനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സിബിഐ അന്വേഷിക്കുന്ന ഈ കേസിൽ മൂന്നുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും കൊൽക്കത്ത ഹൈക്കോടതി ആവശ്യപ്പെട്ടു.
Discussion about this post