പാലക്കാട് : നാടിനെ ഏറ്റവും കൂടുതൽ സഹായിച്ചത് പിണറായി സർക്കാർ ആണെന്ന് പാലക്കാട്ടെ മുതിർന്ന കോൺഗ്രസ് നേതാവ് എ വി ഗോപിനാഥ്. തന്നെ ഏറ്റവും കൂടുതൽ പിന്തുണച്ചിട്ടുള്ളത് ഇടതുപക്ഷം ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്നും ഗോപിനാഥ് വ്യക്തമാക്കി. നവ കേരള സദസിൽ പിണറായി വിജയനോടൊപ്പം വേദി പങ്കിട്ടതിന്റെ പേരിൽ കോൺഗ്രസിൽ നിന്നും പുറത്താക്കിയ നേതാവാണ് എ വി ഗോപിനാഥ്.
ഒരു പാർട്ടി വിരുദ്ധ പ്രവർത്തനവും നടത്താതിരുന്നിട്ടും തന്നെ കോൺഗ്രസ് പുറത്താക്കുകയായിരുന്നു എന്ന് എ വി ഗോപിനാഥ് കുറ്റപ്പെടുത്തി. ആലത്തൂരിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയായ കെ രാധാകൃഷ്ണനെ തിരഞ്ഞെടുപ്പിൽ പിന്തുണയ്ക്കും. പെരിങ്ങോട്ടുകുറിശ്ശിയിൽ കെ രാധാകൃഷ്ണനോടൊപ്പം പങ്കെടുത്ത പൊതുയോഗത്തിൽ വച്ചാണ് എ വി ഗോപിനാഥ് പിന്തുണ അറിയിച്ചത്. 60 വർഷം കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചിട്ടും തന്നെ പുറത്താക്കുകയാണ് കോൺഗ്രസ് ചെയ്തതെന്നും ഗോപിനാഥ് വ്യക്തമാക്കി.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രമ്യ ഹരിദാസ് പാട്ട് പാടിയപ്പോൾ അതിനു ചുവടുവെച്ച ആളാണ് താൻ. എന്നാൽ അന്ന് ചെയ്തതെല്ലാം തെറ്റാണെന്ന് ഇപ്പോൾ ബോധ്യപ്പെട്ടു. ചോദിച്ചതെല്ലാം തന്നെ സർക്കാരാണ് പിണറായി സർക്കാർ. പിന്നെ എന്തിനാണ് പിണറായി സർക്കാരിനെ എതിർക്കുന്നത്? അത് എന്റെ രാഷ്ട്രീയ ബുദ്ധിക്ക് നിരക്കാത്തതിനാൽ ആണ് നവ കേരള സദസിൽ പങ്കെടുത്തത്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥിക്ക് വേണ്ടി വീടുകയറി വോട്ട് അഭ്യർത്ഥിക്കുമെന്നും എ വി ഗോപിനാഥ് വ്യക്തമാക്കി.
Discussion about this post