തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. നാളെ നിശബ്ദപ്രചാരണം. കേരളത്തിൽ മറ്റെന്നാളാണ് തിരഞ്ഞെടുപ്പ്.
അവസാന ദിനമായ ഇന്ന് പ്രചാരണം കൊഴുപ്പിക്കാനാണ് രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം. രാവിലെ മുതൽ തന്നെ സ്ഥാനാർത്ഥികളുടെ റോഡ് ഷോകൾ ആരംഭിക്കും. വൈകീട്ട് മൂന്ന് മണിയ്ക്കാണ് കലാശക്കൊട്ട്. അഞ്ച് മണിയോടെ കൊട്ടിക്കലാശവും പരിപാടികളും അവസാനിപ്പിക്കാനാണ് നിർദ്ദേശം.
പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ വയനാട് മണ്ഡലത്തിൽ എത്തും. എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രന്റെ പ്രചാരണാർത്ഥമാണ് അദ്ദേഹം മണ്ഡലത്തിൽ എത്തുന്നത്. രാവിലെ നടക്കുന്ന റോഡ് ഷോയിൽ അദ്ദേഹം പങ്കെടുക്കും. രാഹുൽ ഗാന്ധിയ്ക്കായി പ്രിയങ്കാ വാദ്ര വയനാട് ലോക്‌സഭാ മണ്ഡലത്തിൽ എത്തും. രാവിലെ 11 മണിയ്ക്ക് കമ്പളക്കാടാണ് ജില്ലയിലെ ആദ്യ പരിപാടി. ഇതിന് ശേഷം വൈകീട്ട് മൂന്ന് മണിയ്ക്ക് വണ്ടൂരിലെ പൊതുയോഗത്തിലും പങ്കെടുക്കും.
രണ്ടാംഘട്ട തിരഞ്ഞെടുപ്പിന് വേണ്ടിയാണ് രാജ്യം ഒരുങ്ങി നിൽക്കുന്നത്. കേരളത്തിലെ മുഴുവൻ മണ്ഡലങ്ങളിലും 11 സംസ്ഥാനങ്ങളിലെ വിവിധ മണ്ഡലങ്ങളിലുമാണ് മറ്റെന്നാൾ തിരഞ്ഞെടുപ്പ് നടക്കുക.












