റിയാദ്: ചെസ് ഇസ്ലാമിന് ഹറാമാണെന്ന് സൗദിയിലെ മുഖ്യ പുരോഹിതന് ഷെയ്ഖ് അബ്ദുല്‍ അസീസ് അല്‍ ഷെയ്ഖ്. ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെയായിരുന്നു ഫത്വ ഇറക്കാന്‍ അധികാരമുള്ള പുരോഹിതന്റെ അഭിപ്രായപ്രകടനം. ഗാര്‍ഡിയനാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ചെസ് ഇസ്ലാമിന് നിഷിദ്ധമായ ചൂതാട്ടത്തില്‍ പെടുന്നതാണെന്നും അത് മനുഷ്യരുടെ സമയവും പണവും നഷടപ്പെടുത്തുക മാത്രമല്ല, കളിക്കാര്‍ തമ്മിലുള്ള ശത്രുത വര്‍ധിപ്പിക്കുകയും ചെയ്യുമെന്നാണ് ഖുറാന് സൂക്തങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് പുരോഹിതന് പറഞ്ഞത്.
ദൈനംദിന ജീവിതത്തിലെ വിശ്വാസികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതാണ് പരിപാടി. 2014ല്‍ നടന്ന പരിപാടിയുടെ വീഡിയോ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ചൂടു പിടിച്ചത്. അതേ സമയം തങ്ങള്‍ക്ക് ഇതുവരെ ഇത്തരത്തില്‍ യാതൊരു അറിയിപ്പും ലഭിച്ചട്ടില്ലെന്ന് സൗദി ചെസ് അസോസിയേഷന് അറിയിച്ചു.
ഇറാക്കിലെ ഷിയ പണ്ഡിതനായ അയത്തൊള്ള അലി അല്‍ സിസ്താനി നേരത്തെ ചെസ് നിരോധിച്ചുകൊണ്ട് ഫത്വ ഇറക്കിയിരുന്നു. ഇറാനില്‍ 1979ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം ചെസ് ഹറാമായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് 1988ല്‍ അയത്തൊള്ള ഖൊമേനി വിലക്ക് നീക്കം ചെയ്തു.
Discussion about this post