ആലപ്പുഴ : ഇ പി ജയരാജൻ വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ ഒന്നും പറയുന്നില്ല എന്ന് ബിജെപി നേതാവും ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ ശോഭാ സുരേന്ദ്രൻ. ഇ പി ജയരാജന്റെ ഈ വിഷയത്തെ കുറിച്ചുള്ള പ്രതികരണത്തിലും ശരീരഭാഷയിലും നിന്ന് തന്നെ പല കാര്യങ്ങളും വ്യക്തമാകുന്നതാണ്. അദ്ദേഹം ഇനിയും ജീവിച്ചിരിക്കണമെന്ന് ആഗ്രഹമുണ്ട്. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ ഇനി കൂടുതൽ കാര്യങ്ങൾ ഒന്നും വ്യക്തമാക്കുന്നില്ല എന്നും ശോഭാ സുരേന്ദ്രൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
വിവാദ ദല്ലാൾ ടി ജി നന്ദകുമാറിനെതിരെ സംസ്ഥാന ഡിജിപി ക്കും ദേശീയ വനിതാ കമ്മീഷനും പരാതി നൽകിയിട്ടുള്ളതായും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി. എല്ലാ തെളിവുകളും നൽകിയിട്ടും സംസ്ഥാന സർക്കാർ എന്തുകൊണ്ടാണ് ദല്ലാൾ നന്ദകുമാറിനെ ഇനിയും അറസ്റ്റ് ചെയ്യാത്തതെന്നും ശോഭാ സുരേന്ദ്രൻ ചോദ്യമുന്നയിച്ചു. ബിജെപിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി പ്രമുഖ സിപിഎം നേതാവും ദല്ലാൾ നന്ദകുമാറും ഒന്നിച്ചാണ് ഡൽഹിയിൽ വന്നിരുന്നത് എന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.
ഈ വിഷയത്തിൽ സംശയം ഉണ്ടാകാതിരിക്കുന്നതിനും വിവാദമാകാതിരിക്കാനുമായി പ്രമുഖ സിപിഎം നേതാവ് കൊച്ചിയിൽ നിന്നും താൻ ചെന്നൈയിൽ നിന്നുമാണ് ഡൽഹിയിൽ എത്തി ചർച്ചകൾ നടത്തിയതെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി. പെട്ടിയും പിടിച്ച് പ്രമുഖ സിപിഎം നേതാവിനോടൊപ്പം ബിജെപിയിൽ ചേരുന്നതിനുള്ള ചർച്ചകൾക്ക് വന്ന ദല്ലാൾ നന്ദകുമാർ തന്നെയാണ് ഡൽഹിയിലെ ഒരു സുപ്രീംകോടതി അഭിഭാഷകൻ മുഖേന പ്രമുഖ സിപിഎം നേതാവ് ഡൽഹിയിലെത്തി ചർച്ചകൾ നടത്തുന്ന കാര്യം പിണറായി വിജയനെ വിളിച്ച് അറിയിച്ചത് എന്നും ശോഭാ സുരേന്ദ്രൻ വെളിപ്പെടുത്തി. ഇപ്പോൾ നന്ദകുമാർ ഇരുട്ടുകൊണ്ട് ഓട്ടയടക്കാൻ ശ്രമിക്കുകയാണെന്നും ശോഭാ സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഇതുവരെയും താൻ നൽകിയ പരാതികളിൽ ഒന്നും സംസ്ഥാന പോലീസ് നടപടി എടുത്തിട്ടില്ലെങ്കിലും ഈ വിഷയത്തിൽ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.
Discussion about this post