തിരുവനന്തപുരം: കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറോട് മോശമായി പെരുമാറിയ മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യം. കെഎസ്ആർടിസിയിലെ കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് ആണ് ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. മേയറും സംഘവും ഡ്രൈവർ യദുവിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും സംഘടന വ്യക്തമാക്കി.
ഡ്രൈവറെ കയ്യേറ്റം ചെയ്തതിനും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും കേസ് എടുക്കണം എന്നാണ് ആവശ്യം. സംഭവത്തിൽ ഡ്രൈവർ പരാതി നൽകിയിട്ടുണ്ട്. ഇതിൽ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തും. ദിവസ വേതനക്കാരനായ ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും അയാൾക്കെതിരെ കേസെടുക്കുകയും ചെയ്ത നടപടി പാവങ്ങളുടെ മേലുള്ള കുതിര കയറൽ ആണെന്നും ഡിഡിഎഫ് കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം ആയിരുന്നു താനും സംഘവും സഞ്ചരിച്ച കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് മേയറും ഭർത്താവും ബസ് തടഞ്ഞ് പ്രശ്‌നം ഉണ്ടാക്കിയത്. മേയറും ഭർത്താവും ചേർന്ന് ഡ്രെെവറോട് തർക്കിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
വാക്കേറ്റം ഉണ്ടായതിന് പിന്നാലെ ഡ്രൈവർ മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി മേയർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിൽ കേസ് എടുത്ത പോലീസ് ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തിരുന്നു. വാഹനം തടഞ്ഞ് നിർത്തി കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് ആണ് ഡ്രൈവർ പരാതി നൽകിയിട്ടുള്ളത്.
Discussion about this post