കോൺഗ്രസിന്റെ മുസ്ലിം സ്നേഹം വാക്കുകളിൽ മാത്രം ഒതുങ്ങുന്നതാണെന്ന ആക്ഷേപം ശരിവയ്ക്കുന്നതാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ സ്ഥാനാർത്ഥി പട്ടിക. ബിജെപി മുസ്ലിങ്ങളെ അവഗണിക്കുന്നുവെന്ന് സ്ഥിരമായി കുറ്റപ്പെടുത്തുന്ന കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിലെ മുസ്ലിം പ്രാതിനിധ്യം കണ്ടാൽ ആരുമൊന്ന് ഞെട്ടി പോകും. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ആന്ധ്രാ പ്രദേശ്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒറ്റ മുസ്ലീം സ്ഥാനാർത്ഥിയെ പോലും കോൺഗ്രസ് ഇത്തവണ നിർത്തിയിട്ടില്ല.
ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇതുവരെ പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടിക പരിശോധിക്കുകയാണെങ്കിൽ 18 സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ഒറ്റ മുസ്ലിം സ്ഥാനാർത്ഥികൾ പോലുമില്ല. രണ്ട് ഘട്ടങ്ങളിലായി 191ലോക്സഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പൂർത്തിയായെന്ന കാര്യവും ഓർക്കണം. മഹാരാഷ്ട്രയിൽ മുസ്ലീം വിഭാഗത്തിൽ നിന്നുള്ള ഒരു നേതാവിന് പോലും സീറ്റ് നൽകാത്തത് വലിയ വിവാദമായിരുന്നു. 48 ലോക്സഭാ മണ്ഡലങ്ങളുള്ള മഹാരാഷ്ട്രയിൽ കോൺഗ്രസ് 17 സീറ്റുകളിലാണ് മത്സരിക്കുന്നത്.
മഹാരാഷ്ട്രയിലെ ആകെ ജനസംഖ്യയിൽ 12 ശതമാനത്തിനടുത്ത് മുസ്ലീങ്ങളാണ്. മുംബൈയിൽ മുസ്ലീം ജനസംഖ്യ 25 ശതമാനത്തോളം വരും. എന്നിട്ടും കോൺഗ്രസിന്റെ സ്ഥാനാർത്ഥി ലിസ്റ്റിൽ മുസ്ലിം പ്രാതിനിധ്യമില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം. കോൺഗ്രസ് നേതൃത്വത്തിന്റെ മുസ്ലിം അവഗണനയിൽ പ്രതിഷേധിച്ച് മഹാരാഷ്ട്ര കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ആരിഫ് നസീം ഖാൻ പ്രചാരണത്തിനായുള്ള പാർട്ടി പാനലിൽ നിന്ന് രാജിവെച്ചിരുന്നു.
“എനിക്ക് മുസ്ലിങ്ങളായ വോട്ടർമാരെ അഭിമുഖീകരിക്കാനാകില്ല. എനിക്ക് അവരുടെ ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയില്ല”, കോൺഗ്രസിന്റെ പ്രചാരണ ചുമതലകളിൽ നിന്ന് ഒഴിഞ്ഞ ശേഷം ആരീഫ് നസീം ഖാൻ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
18 സംസ്ഥാനങ്ങളിൽ ഒറ്റ മുസ്ലിം സ്ഥാനാർത്ഥികളെ പോലും മത്സരിപ്പിക്കാത്ത രാഹുലിന്റെ പാർട്ടി മറ്റ് സംസ്ഥാനങ്ങളിലും പേരിനാണ് ഒന്നോ രണ്ടോ സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത്. കേരളത്തിൽ 16 സീറ്റുകളിൽ ജനവിധി തേടിയെങ്കിലും വടകരയിൽ മത്സരിച്ച ഷാഫി പറമ്പിൽ മാത്രമാണ് കോൺഗ്രസിന്റെ ഏക മുസ്ലിം സ്ഥാനാർത്ഥി. കർണാടകയിലും തെലങ്കാനയിലും ഇത് തന്നെയാണ് സ്ഥിതി. ഇരു സംസ്ഥാനങ്ങളിലും ഓരോ മുസ്ലിം സ്ഥാനാർത്ഥികൾ വീതമാണുള്ളത്.
കോൺഗ്രസ് നിലവിൽ പ്രഖ്യാപിച്ചതിൽ ഏറ്റവുമധികം മുസ്ലീം സ്ഥാനാർത്ഥികൾ ഇടം പിടിച്ചിരിക്കുന്നത് ബംഗാളിലാണ്. അവിടെ മത്സരിക്കുന്നവരിൽ 6 പേർ മുസ്ലിം വിഭാഗക്കാരാണ്. 20 ശതമാനത്തോളം മുസ്ലിം ജനസംഖ്യയുള്ള ഉത്തർപ്രദേശിൽ ഇതുവരെ 2 മുസ്ലിം സ്ഥാനാർത്ഥികൾ മാത്രമാണ് കോൺഗ്രസിന്റെ പട്ടികയിൽ ഇടം നേടിയത്.
2011ലെ സെൻസസ് പ്രകാരം 14 ശതമാനത്തോളമാണ് രാജ്യത്തെ മുസ്ലിം ജനസംഖ്യ. എന്നാൽ, യഥാർത്ഥ ജനസംഖ്യ 18 മുതൽ 20 ശതമാനം വരെ വരുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലെ മുസ്ലിം പ്രാതിനിധ്യം ജനസംഖ്യയ്ക്ക് ആനുപാതികമായി വളരെ കുറവായിരുന്നു. 2019ൽ മുസ്ലിം വിഭാഗത്തിൽ നിന്ന് വെറും 35 പേർക്ക് മാത്രമാണ് കോൺഗ്രസ് ടിക്കറ്റ് നൽകിയത്. 2014ൽ ഇത് 32 ആയിരുന്നു. ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലെ മുസ്ലിം പ്രാതിനിധ്യം ഇനിയും കുറയുമെന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.
രാജ്യത്തെ മുസ്ലിങ്ങളെ കോൺഗ്രസ് വോട്ടു ബാങ്കായി മാത്രമാണ് കാണുന്നതെന്ന ബിജെപിയുടെ വിമർശനങ്ങൾക്ക് ബലം പകരുന്നതാണ് പാർട്ടിയുടെ സ്ഥാനാർത്ഥി പട്ടികയിലെ ശുഷ്‌കമായ മുസ്ലീം പ്രാതിനിധ്യം. കോൺഗ്രസിന്റെത് മുസ്ലിം സ്നേഹമല്ല, മറിച്ച് പ്രീണനമാണെന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വാദത്തിന് ഈ സാഹചര്യത്തിൽ ഏറെ പ്രസക്തിയുണ്ട്.
Discussion about this post