കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് പുതിയ അന്വേഷണ സംഘം ഏറ്റെടുക്കും. ഫറോഖ് എസ്പി സാജു കെ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘത്തിനായിരിക്കും ഇനി അന്വേഷണ ചുമതല. നിലവിൽ കേസ് അന്വേഷണ ചുമതലയുള്ള പന്തീരാങ്കാവ് പോലീസിനെതിരെ പരാതിക്കാരിയുടെ കുടുംബം രംഗത്ത് വന്നതോടെയാണ് കേസ് അന്വേഷണം പുതിയ സംഘത്തെ ഏൽപ്പിച്ചത്.
സാജു കെ എബ്രഹാമിന്റെ നേതൃത്വത്തിൽ ഏഴംഗ സംഘമായിരിക്കും കേസ് അന്വേഷിക്കുക. സംഘം ഇന്ന് കൊച്ചിയിലെത്തി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും. അതേസമയം, പ്രതി രാഹുൽ ഒളിവിൽ പോയ സാഹചര്യത്തിൽ ഇയാൾക്കായി ലുക്ക്ഔട്ട് നോട്ടീസിറക്കാനും തീരുമാനമായിട്ടുണ്ട്. ഇയാളുടെ മൊബൈൽ ഫോൺ ഇപ്പോഴും സ്വിച്ച് ഓഫാണ്. രാഹുൽ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഇയാൾക്കായി ലുക്ക്ഔട്ട് നോട്ടീസിറക്കുന്നത്.
യുവതിയെ മകൻ മർദ്ദിച്ചതായി പ്രതി രാഹുലിന്റെ അമ്മ ഉഷ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. എന്നാൽ, സ്ത്രീധനത്തിന്റെ പേരിൽ ആയിരുന്നില്ല മർദ്ദനമെന്നും യുവതിയുടെ ഫോണിൽ എത്തിയ മെസേജുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്കു തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്നും പ്രതിയുടെ അമ്മ പറയുന്നു. വിവാഹം കഴിഞ്ഞ് വന്ന അന്ന് മുതൽ യുവതി തങ്ങളുമായി ഒരു തരത്തിലും സഹകരിച്ചിട്ടില്ല. എപ്പോഴും യുവതി മുകളിലത്തെ നിലയിൽ മാത്രമായിരുന്നു. ഭക്ഷണം കഴിക്കാനായി മാത്രമാണ് താഴേക്ക് വന്നിരുന്നതെന്നും ഉഷ വ്യക്തമാക്കി.
കേസിൽ ഭർത്താവ് രാഹുലിനെതിരെ വധശ്രമത്തിനും സ്ത്രീധന പീഡനത്തിനുമുൾപ്പെടെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാൾ വിവാഹ തട്ടിപ്പ് വീരനാണെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. രാഹുൽ മുമ്പും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായി പോലീസിന് വിവരം ലഭിച്ചു. കോട്ടയത്തും എറണാകുളത്തുമായി ഇയാൾ വിവാഹങ്ങൾ രജിസ്റ്റർ ചെയ്താതായുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്.
പറവൂർ സ്വദേശിനിയായ പെൺകുട്ടിയാണ് ഗാർഹിക പീഡനം ചുണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയിരിക്കുന്നത്. എറണാകുളത്ത് നിന്ന് വിവാഹ ചടങ്ങിനെത്തിയ ബന്ധുക്കൾ യുവതിയുടെ ശരീരത്തിലെ പാടുകൾ കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്.
Discussion about this post