ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി. തീഹാർ ജയിലിലും ഡൽഹിയിലെ അഞ്ച് ആശുപത്രികളിലുമാണ് ഭീഷണി സന്ദേശമെത്തിയത്. ഇ മെയിൽ വഴിയാണ് സന്ദേശമെത്തിയത്. പോലീസ് പ്രദേശത്ത് വ്യാപക പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താനായില്ല.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് സന്ദേശങ്ങളെത്തിയത്. തിഹാർ ജയിലിന്റെയും ആശുപത്രികളുടെയും കെട്ടിടങ്ങളിൽ ബോബ് വച്ചിട്ടുണ്ടെന്നും ഈ പറയുന്ന മണിക്കൂറുകളിൽ ഇവ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. ഇതൊരു ഭീഷണിയല്ല, ബോംബ് നിർവീര്യമാക്കാൻ നിങ്ങൾക്ക് കുറച്ച് മണിക്കൂറുകൾ കൂടി ബാക്കിയുണ്ട്. ഇല്ലെങ്കിൽ നിരപരാധികളായ പലരുടെയും രക്തം നിങ്ങളുടെ കൈകളിൽ വീഴും എന്നും സന്ദേശത്തിൽ പറയുന്നു.
സൈപ്രസ് ആസ്ഥാനമായ beeble.com എന്ന മെയിൽ സർവീസിംഗ് കമ്പനിയാണ് ഇ-മെയിലിന്റെ ഉത്ഭവം. നികോഷ്യേയിലെ സിക്ക്‌നെക്കോ ടെക്‌നോളജീസിനോട് പോലീസ് മെയിൽ ഉടമയെ കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ഏതാനും ആഴ്ച്ചകൾക്ക് മുൻപ് നഗരത്തിലെ വിവിധ സ്‌കൂളുകളിലേക്ക് പാകിസ്താൻ കേന്ദ്രീകൃതമായ ഇമെയിലിൽ നിന്നും ഭീഷണി സന്ദേശമയച്ചവർ തന്നെയാണ് ഇതിന് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. തിങ്കളാഴ്ച്ച ഗുരു തെഗ് ബഹദൂർ ആശുപത്രിയിലേക്കാണ് ആദ്യ ഇ മെയിൽ എത്തിയത്. പിന്നാലെ, അടുത്ത ദിവസം മറ്റ് നാല് സ്‌കൂളുകളിലേക്കും സന്ദേശമെത്തിയതായി പോലീസ് പറയുന്നു. ഇതിന് പിന്നാലെയായിരുന്നു തീഹാർ ജയിലിലേയ്ക്ക് സന്ദേശമെത്തിയത്.
Discussion about this post