അത്ഭുതങ്ങൾ നിറഞ്ഞതാണ് നമ്മുടെ ലോകം. ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളർച്ചയോടെ പ്രപഞ്ചത്തിലെ വിസ്മയങ്ങളുടെ നിരവധി കലവറകളാണ് ഓരോ ദിവസവും തുറന്നുവരുന്നത്. അതിൽ പലതും ദൃശ്യങ്ങളിൽ പകർത്താൻ ശാസ്ത്രലോകത്തിന് കഴിയാറുണ്ട്. അത്തരത്തിലുള്ള ഒരു അത്യപൂർവ ദൃശ്യമാണ് ഇപ്പോൾ ശാസ്ത്രലോകം പകർത്തിയിരിക്കുന്നത്.
സർപ്പിളാകൃതിയിലുള്ള ഗ്യാലക്‌സിയിലേക്ക് നീണ്ടു കിടക്കുന്ന ഒരു കയ്യുടെ രൂപമാണ് ദൃശ്യമായിരിക്കുന്നത്. ഡാർക്ക് എനർജി ക്യാമറയിലാണ് ഇൗ അപൂർവ ദൃശ്യം പതിഞ്ഞിരിക്കുന്നത്. വാതകങ്ങളുടെയും പൊടിയുടെയും കൂട്ടമാണ് ഈ ഘടന. ദൈവത്തിന്റെ കൈ എന്ന് വിളിപ്പേരുള്ള ഈ പ്രതിഭാസം അറിയപ്പെടുന്നത് കോമറ്ററി ഗ്ലോബ്യൂൾ എന്നാണ്. ചിലിയിലെ വിക്ടർ എം ബ്ലാങ്കോ ടെലിസ്‌കോപ്പിൽ സ്ഥാപിച്ച ക്യാമറയാണ് ഇത്.
1976ലാണ് ആദ്യമായി ‘ദൈവത്തിന്റെ കൈ ശാസ്ത്രലോകത്തിന്റെ കണ്ണിൽ പെടുന്നത്. പേര് കോമറ്ററി ഗ്ലോബ്യൂൾ എന്നാണെങ്കിലും ഇവയ്ക്ക് ധൂമകേതുക്കളുമായി ഒരു ബന്ധവുമില്ല. നീളമുള്ള തിളങ്ങുന്ന വാലുള്ള ധൂമകേതുവിനെ പോലെയായത് കൊണ്ടാണ് ഇവയ്ക്ക് ഇങ്ങനെയൊരു പേര് വന്നത്. സി.ജി 4 എന്നാണ് ഇപ്പോൾ കണ്ടെത്തിയ കോമറ്റ് ഗ്ലോബ്യൂളിൻറെ പേര്. 100 മില്യൺ പ്രകാശവർഷം അകലെയുള്ള ഇഎസ്ഒ 257-19 എന്ന ഗാലക്സിയുടെ സമീപത്തേക്ക് കൈ ആകൃതിയിലാണ് ഇത് നീണ്ടു കിടക്കുന്നത്. ദൈവത്തിന്റെ ആകൃതിയെന്ന് വിളിപ്പേരുണ്ടെങ്കിലും ഇതിന് അമാനുഷികതയൊന്നും തന്നെയില്ല. ഇവയുടെ രൂപം തിരിച്ചറിയാൻ പെട്ടെന്നൊന്നും കളിയാറില്ലെങ്കിലും സിജി 4ലെ അയോണൈസ്ഡ് ഹൈഡ്രജൻ കാരണം മങ്ങിയ ചുവപ്പ് തിളക്കം ക്യാമറയിൽ പതിഞ്ഞതുകൊണ്ടാണ് അത്യപൂർവമായി ഈ ആകാശദൃശ്യം കാണാനായത്.
Discussion about this post