കോപ്പന്‍ഹോഗന്‍: കുടിയേറ്റക്കാരായി എത്തുന്നവരുടെ പക്കലുള്ള സ്വത്തുകള്‍ പിടിച്ചെടുക്കാനുള്ള നിയമം ഡെന്‍മാര്‍ക്ക് പാര്‍ലമെന്റ് പാസാക്കി. ഡാനിഷ് പാര്‍ലമെന്റില്‍ 27നെതിരെ 81 വോട്ടുകളുടെ പിന്തുണയോടെയാണ് വിവാദ നിയമത്തിന് അംഗീകാരം നല്‍കിയത്. സ്വിറ്റ്‌സര്‍ലന്‍ഡിനു പിന്നാലെയാണ് മറ്റൊരു യൂറോപ്യന്‍ രാജ്യം കൂടി ഇതോടെ കുടിയേറ്റ നിയമം കര്‍ശനമാക്കിയിരിക്കുകയാണ്.
പുതിയ നിയമം പ്രകാരം അഭയാര്‍ഥികള്‍ക്കു 1,500 ഡോളറില്‍ കൂടുതല്‍ പണവും തത്തുല്യ മൂല്യമുള്ള വസ്തുക്കളും സൂക്ഷിക്കാനാകില്ല. എന്നാല്‍ വിവാഹ മോതിരം പോലെ വൈകാരിക മൂല്യമുള്ള വസ്തുക്കള്‍ സൂക്ഷിക്കാം. അഭയാര്‍ഥികള്‍ക്കു മാതൃരാജ്യത്തുള്ള കുടുംബാംഗങ്ങളെ കാണാന്‍ മൂന്നുവര്‍ഷം കാത്തിരിക്കണമെന്നും പുതിയ നിയമം അനുശാസിക്കുന്നു.
ഡെന്മാര്‍ക്കിനെതിരെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ അടക്കമുള്ള മനുഷ്യാവകാശ സംഘടനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ നിയമനിര്‍മാണത്തെ ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി ന്യായീകരിച്ചു. കുടിയേറ്റക്കാര്‍ക്കു സര്‍ക്കാര്‍ അനുവദിക്കുന്ന ആനുകൂല്യങ്ങള്‍ക്കു പകരമായാണ് സ്വത്തുകള്‍ പിടിച്ചെടുക്കുന്നതെന്നാണ് പാര്‍ട്ടിയുടെ നിലപാട്.
കഴിഞ്ഞ വര്‍ഷം വിവിധ രാജ്യങ്ങളില്‍ നിന്നായി ഇരുപതിനായിരത്തോളം ആളുകളാണ് ഡെന്മാര്‍ക്കില്‍ അഭയം തേടിയെത്തിയത്. ഇതിനിടെ ജര്‍മനിയിലേക്കു റെയില്‍വേ ലൈനുകള്‍ റദ്ദാക്കി കുടിയേറ്റ പ്രവാഹത്തിനു തടയിടാന്‍ ഡെന്മാര്‍ക്ക് ശ്രമിച്ചതും വിവാദമായിരുന്നു.
Discussion about this post