ചണ്ഡീഗഢ് :കോൺഗ്രസിനെയും ഇൻഡി സഖ്യത്തിനെതിരെയും ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദളിതർ പിന്നാക്കക്കാർ ഗോത്രവർഗക്കാർ എന്നിവരുടെ സംഭരണം പ്രതിപക്ഷം കവർന്നെടുക്കുകയാണെന്ന് പ്രധാനമന്ത്രി തുറന്നടിച്ചു. കോൺഗ്രസ് ഇന്ത്യൻ ഭരണഘടനയുടെ ചൈതന്യത്തെയും ഡോ. ബാബാ സാഹബ് അംബേദ്കറുടെ ആത്മാവിനെ അപമാനിക്കുകയാണ് ചെയ്യുന്നത് എന്ന് അദ്ദേഹം പറഞ്ഞു. പഞ്ചാബിലെ ഹോഷിയാർ പൂരിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി .
ദളിതർ പിന്നാക്കക്കാർ വനവാസികൾ എന്നിവരുടെ സംവരണം എടുത്തുകളയാൻ താൻ ആരെയും അനുവദിക്കില്ലെന്ന് മോദി പറഞ്ഞു. എന്നാൽ തന്റെ ഈ തീരുമാനത്തിൽ കോൺഗ്രസും ഇൻഡി സഖ്യവും വളരെയധികം അസ്വസ്ഥരാണ്. അവരുടെ വോട്ട് ബാങ്ക് താൻ തുറന്നു പറയുന്നത് കൊണ്ടാണ് പ്രതിപക്ഷം തന്നെ അധിക്ഷേപിക്കാൻ ശ്രമിക്കുന്നത്. കോൺഗ്രസിന്റെയും ഇൻഡി സഖ്യത്തിന്റെയും വോട്ട് ബാങ്ക് രാഷ്ട്രീയം രാജ്യത്തിന് വളരെയധികം ദോഷം ചെയ്യും എന്നും മോദി പറഞ്ഞു.
വോട്ട് ബാങ്കിനായി രാമക്ഷേത്രത്തെ തുടർച്ചയായി എതിർക്കുന്നവരാണ് ഇവർ. കോൺഗ്രസ് അഴിമതിയുടെ നിറകുടമാണ്. കഴിഞ്ഞ 60 വർഷമായി കോൺഗ്രസ് നിരവധി അഴിമതികൾ നടത്തിയിട്ടുണ്ട്. അഴിമതിയിൽ കോൺഗ്രസ് പി എച്ച് ഡി തന്നെ എടുത്തിട്ടുണ്ട് എന്നും പ്രധാനമന്ത്രി കൂട്ടിചേർത്തു.
പഞ്ചാബിലെ 13 ലോക്‌സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ജൂൺ ഒന്നിന് നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണ പരിപാടികൾ ഇന്ന് പര്യവസാനിക്കും. ശനിയാഴ്ച നടക്കുന്ന വോട്ടെടുപ്പിൽ 57 മണ്ഡലങ്ങളാണ് വിധിയെഴുതുക. ഉത്തർപ്രദേശ്, ബിഹാർ, ഹിമാചൽപ്രദേശ്, ഝാർഖണ്ഡ്, ഒഡീഷ, പഞ്ചാബ്, ബംഗാൾ, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ 57 മണ്ഡലങ്ങളിലാണ് അന്തിമഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.
Discussion about this post