ചെന്നൈ : കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനനിരതനായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ രാത്രി ഏഴരയോടെയാണ് മോദി ധ്യാനം തുടങ്ങിയത്. പ്രധാനമന്ത്രി ധ്യാനം ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കാവി വസത്രം ധരിച്ചിരിക്കുന്ന സ്വാമി വിവേകാന്ദന്റെ പുണ്യയിടമായ ധ്യാന മണ്ഡപത്തിലിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്
ദേശീയ വാർത്താ ഏജൻസിയാണ് ദ്യശ്യങ്ങൾ പങ്കുവച്ചത്. നാളെ വരെയാണ് പ്രധാനമന്ത്രി ധ്യാനം നടത്തുന്നത്. 45 മണിക്കൂർ നീണ്ടുനിൽക്കുന്നതാണ് ധ്യാനം. നാളെ ഉച്ചയ്ക്ക് ശേഷം ധ്യാനം അവസാനിപ്പിച്ച് തിരുവനന്തപുരം വഴി ഡൽഹിയിലേക്ക് അദ്ദേഹം മടങ്ങും.
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പരിസമാപ്തിക്ക് ശേഷം കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ കന്യാകുമാരിയിലെ ഭഗവതി അമ്മൻ ക്ഷേത്രത്തിൽ പ്രധാനമന്ത്രി പ്രാർത്ഥന നടത്തി .ഓഫ് വൈറ്റ് നിറമുള്ള മേൽമുണ്ടും വെളുത്ത മുണ്ടുമായിരിന്നു മോദിയുടെ വേഷം . മോദിയുടെ വരവിനുമുന്നോടിയായി സന്ധ്യയോടെ വിവേകാനന്ദപ്പാറയും തിരുവള്ളുവർ പ്രതിമയും ദീപങ്ങളാൽ അലങ്കരിച്ചിരുന്നു.
രാജ്യത്തിന്റെ തെക്കേ അറ്റത്തുള്ള കന്യാകുമാരി തീരത്ത് കടലിന് നടുവിലാണ് വിവേകാനന്ദ പാറ സ്മാരകം. ഇന്ത്യൻ മഹാസമുദ്രം, ബംഗാൾ ഉൾക്കടൽ, അറബിക്കടൽ എന്നിവയുടെ സംഗമ സ്ഥാനത്ത് നിന്ന് 500 മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വിവേകാനന്ദ പാറയ്ക്ക് ചരിത്രപരവും ആത്മീയവുമായ പ്രാധാന്യമുണ്ട്.
കന്യാകുമാരി ദേവി ശിവഭക്തിയിൽ തപസ്സനുഷ്ഠിച്ച സ്ഥലമായാണ് ഹൈന്ദവ വിശ്വാസങ്ങളിൽ ഈ സ്ഥലം അറിയപ്പെടുന്നത്. ദേവിയുടേതെന്ന് വിശ്വസിക്കപ്പെടുന്ന പാദമുദ്ര അഥവാ ശ്രീപാദം ഇപ്പോഴും ഇവിടെ പൂജിക്കപ്പെടുന്നുണ്ട്. മൂന്ന് ദിവസം അലഞ്ഞു നടന്നതിന് ശേഷം കന്യാകുമാരിയിലെത്തിയ സ്വാമി വിവേകാനന്ദൻ ഇവിടെ വച്ചാണ് ജ്ഞാനോദയം നേടിയതെന്നാണ് വിശ്വാസം.
Discussion about this post