തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ സുരേഷ് ഗോപിയ്ക്ക് അഭിനന്ദന പ്രവാഹം. നിരവധി താരങ്ങളും പ്രമുഖരുമാണ് കേരളത്തിൽ നിന്നുള്ള ബിജെപിയുടെ ആദ്യ എംപിയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് എത്തിയിരിക്കുന്നത്.
നടിമാരായ ജ്യോതി കൃഷ്ണ, ഭാമ, മുക്ത, നടൻ സുധീർ എന്നീ മലയാള സിനിമാ താരങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുമായി എത്തിയിട്ടുണ്ട്.
‘സുരേഷ് ചേട്ടാ… ഒടുവിൽ നിങ്ങൾ തൃശൂർ എടുത്തല്ലേ’ എന്നായിരുന്നു നടൻ സുധീർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ‘ബിഗ് ബ്രദർ സുരേഷ് ഗോപി തൃശൂർ അങ്ങെടുത്തു’ എന്ന് മുക്ത ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ‘മ്മടെ തൃശൂർ അങ്ങെടുത്തിസ്റ്റ’ എന്നായിരുന്നു ജ്യോതി കൃഷ്ണ കുറിച്ചത്. ‘ഹൃദയം കീഴടക്കി സുരേഷ് ഗോപി തൃശൂർ അങ്ങെടുത്തു’ എന്നെഴുതിയ ചിത്രത്തോടെയായിരുന്നു ഭാമ സുരേഷ് ഗോപിയ്ക്ക് ആശംസകളറിയിച്ചത്.
എതിർ സ്ഥാനാർത്ഥികൾക്കെതിരെ വമ്പിച്ച ഭൂരിപക്ഷം നേടിയാണ് സുരേഷ് ഗോപി ശക്തന്റെ മണ്ണിൽ വിജയക്കൊടി പാറിച്ചത്. 75,079 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്. ഇടത് സ്ഥാനാർത്ഥി സുനിൽ കുമാറാണ് രണ്ടാം സ്ഥാനത്ത്. 334160 വോട്ടുകളാണ് സുനിൽ കുമാർ നേടിയത്. കനത്ത തിരിച്ചടിയാണ് കോൺഗ്രസ് മണ്ഡലത്തിൽ നേരിട്ടത്. സിറ്റിംഗ് സീറ്റ് കോൺഗ്രസിന് കൈവിട്ടെന്ന് മാത്രമല്ല, കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.
Discussion about this post