ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന ലാപ്പിലെത്തി നിൽക്കുമ്പോൾ രാജ്യത്ത് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എൻഡിഎ സഖ്യവും ഇൻഡി സഖ്യവും ഇരുന്നൂറിലധികം സീറ്റുകളിലാണ് ലീഡ് ഉയർത്തി നിർത്തുന്നത്. എൻഡിഎയുടെ ലീഡ് നില 293, ഇൻഡി സഖ്യത്തിന്റെ ലീഡ് നില 233എന്നിങ്ങനെയാണ് തുടരുന്നത്. ഈ സാഹചര്യം തുടരുമ്പോൾ തനിച്ച് കേവല ഭൂരിപക്ഷമില്ലെങ്കിൽ രാജ്യം എന്തെല്ലാം പ്രതിസന്ധികളിലൂടെ കടന്നുപോകുന്നുവെന്നാണ് ചർച്ചകൾ ആരംഭിച്ചിരിക്കുന്നത്.
543 സീറ്റുകളാണ് ലോക്‌സഭയിൽ ആകെയുള്ളത്. രണ്ട് നോമിനേറ്റഡ് അംഗങ്ങൾ കൂടിയാകുമ്പോൾ ഇത് 545 ആകും. ഒരു പാർട്ടിയ്‌ക്കോ മുന്നണിയ്‌ക്കോ ലോക്‌സഭയിൽ ഭൂരിപക്ഷം ലഭിക്കണമെങ്കിൽ 272 സീറ്റുകളാണ് ആവശ്യം.
നിലവിൽ എൻഡിഎയ്ക്ക് 290 ലേറെ സീറ്റുകളിലാണ് ലീഡ്. ഇതിൽ 239 സീറ്റുകളോടെ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. സ്വാഭാവികമായും ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെയോ എൻഡിഎയോ രാഷ്ട്രപതിയ്ക്ക് സർക്കാർ രൂപീകരണത്തിനായി വിളിക്കാം. അവർ സഭയിൽ കേവലം ഭൂരിപക്ഷം തെളിയിക്കേണ്ടതായി വരും. വിശ്വാസ പ്രമേയത്തിന്റെ ഭാവി ആശ്രയിച്ചായിരിക്കും ആ സർക്കാരിന്റെ ഭാവി. വിശ്വാസവോട്ടെടുപ്പിനുള്ള രാഷ്ട്രപതിയുടെ ആഹ്വാനമാണ് അടുത്ത ഘട്ടം. ഈ ഘട്ടത്തിൽ ഭൂരിപക്ഷം തെളിയിക്കുന്ന പാർട്ടിക്കോ മുന്നണിക്കോ അധികാരത്തിലെത്താം.
നിലവിൽ 235 സീറ്റുകളാണ് ഇൻഡി സഖ്യത്തിനുള്ളത്. ഏത് വിധേനെയും സർക്കാരുണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ് നേതൃത്വം. ആന്ധ്ര പ്രദേശിലെ ചന്ദ്രബാബു നായിഡു നയിക്കുന്ന ടിഡിപി, ബിഹാറിലെ നിതീഷ് കുമാർ നയിക്കുന്ന ജെഡിയു എന്നീ പാർട്ടികളെ കൂടെ കൂട്ടി സർക്കാർ രൂപീകരിക്കാനാണ് കോൺഗ്രസും മറ്റുപാർട്ടികളും ശ്രമിക്കുന്നത്.
ഏത് മുന്നണി സർക്കാർ രൂപീകരിച്ചാലും നേരിടാൻ പോകുന്ന പ്രധാന പ്രശ്‌നം കേവലഭൂരിപക്ഷം ഉള്ള ഒറ്റകക്ഷി ഇല്ല എന്നുള്ളതാണ്. പലരീതിയിലാണ് ഇത് രാജ്യത്തിന്റെ ഭരണചക്രത്തെ സ്വാധീനിയ്ക്കാൻ പോകുന്നത്. മന്ത്രിസഭയിലടക്കം ഇത് പ്രതിഫലിക്കും ഘടകക്ഷികളുടെ സമ്മർദ്ദത്തിന് വഴങ്ങി പല പാർട്ടികളെയും ഉൾപ്പെടുത്തേണ്ടി വരും. വികസനപ്രവർത്തനങ്ങൾ മന്ദഗതിയിലാവാൻ സാധ്യതയേറെ. പ്രധാന തീരുമാനങ്ങൾ എടുക്കാനായി നിരന്തരം ഘടകകക്ഷികളുടെ സമ്മതം കാത്ത് നീണ്ട് പോവുന്ന അവസ്ഥ, മറ്റൊരു കാര്യം പിന്തുണ പിൻവലിച്ച് മറുകണ്ടം ചാടാനുള്ള ഘടകകക്ഷികളുടെ പ്രവണതയാണ്. ഇത് ഭരണത്തെ പ്രതിസന്ധിയിലാക്കും.
ഏക കക്ഷി ഭരണം കൊണ്ട് ഇന്ത്യ കഴിഞ്ഞ 10 കൊല്ലം നേടിയെടുത്തത് എല്ലാം ഒറ്റയടിക്ക് ഇല്ലാതാകും. പുതിയ ബിജെപി സർക്കാർ സഖ്യകക്ഷി സർക്കാർ ആയിരിക്കും. ഭരണം നിലനിർത്താൻ വേണ്ടി പലതും കണ്ടില്ല കേട്ടില്ല എന്ന് നടിക്കേണ്ടി വന്നേക്കാം. പാർലമെന്റിൽ ബില്ലുകൾ പോലും പാസ്സാക്കാൻ ബുദ്ധിമുട്ടും. രാജ്യത്തിന്റെ നയപരമായ കാര്യങ്ങൾക്ക് പോലും പ്രാദേശിക താൽപ്പര്യങ്ങൾ പരിഗണിക്കേണ്ടി വരും. അതിനേക്കാൾ ഒക്കെ ഉപരി 2027 ൽ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തീക ശക്തി ആകുക എന്ന സ്വപ്നത്തിന് തിരിച്ചടി ആകും. കൂട്ടുകക്ഷി ഭരണം ഉള്ള രാജ്യങ്ങളിൽ വിദേശ നിക്ഷേപം വരുന്നത് സ്വാഭാവികം ആയും കുറയും. ഇന്നത്തെ സ്റ്റോക്ക് മാർക്കറ്റ് തകർച്ച തന്നെ നോക്കുക.
Discussion about this post