ലോക്സഭാ ഫലങ്ങൾ പുറത്തുവരുമ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത്തവണ ഏറെ പ്രാധാന്യത്തോടെ ഏവരും ഉറ്റുനോക്കിയ സംസ്ഥാനങ്ങളിലൊന്നാണ് ഉത്തർപ്രദേശ് . യുപിയിൽ ബിജെപിയ്ക്ക് 33 സീറ്റുകളിൽ വിജയം ഉറപ്പിക്കാൻ കഴിഞ്ഞെങ്കിലും എസ്പി 37 സീറ്റുകളിൽ വിജയിച്ചു എന്നത് ബിജെപിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. കോൺഗ്രസിന് 6 സീറ്റുകൾ മാത്രമാണ് നേടാനായതും.
ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ നോക്കുമ്പോൾ പ്രധാനവിലയിരുത്തലുകൾ നടക്കുന്ന ലോക്സഭാ മണ്ഡലമാണ് ഫൈസാബാദ്. അയോധ്യ രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന മണ്ഡലം എന്നത് തന്നെയാണ് ഫൈസാബാദിന്റെ ഏറ്റവും വലിയ പ്രത്യേകത. രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദ് ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ലല്ലു സിങ്ങ് 54,000ത്തിലേറെ വോട്ടുകൾക്കാണ് തോറ്റത്. രണ്ടു തവണയായി ഫൈസാബാദിനെ പ്രതിനിധാനം ചെയ്യുന്ന ലല്ലു സിങ്ങിനെതിരെ മണ്ഡലത്തിലെ തങ്ങളുടെ ഏക എംഎൽഎ അവാദേഷ് പ്രസാദിനെയാണു സമാജ്‌വാദി പാർട്ടി കളത്തിലിറക്കിയത്.
തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപ് തന്നെ ഫൈസാബാദ് മണ്ഡലത്തിലെ തങ്ങളുടെ സ്ഥാനാർത്ഥിയെ സമാജ് വാദ് പാർട്ടി രംഗത്തിറക്കിയിരുന്നു. ഫൈസാബാദിൽ ഉൾപ്പെടുന്ന മിൽകിപുർ നിയമസഭാ മണ്ഡലത്തിലെ നിലവിലെ എം എൽ എ ആയിരുന്നു അവാദേശ് പ്രസാദ്. ആറ് തവണയാണ് മിൽക്കിപൂരിൽ നിന്ന് അവാദേശ് പ്രസാദ് എംഎൽഎ ആയത്. അവദേശിനെ രംഗത്തിറക്കിയതോടെ ഏത് വിധേനയും മണ്ഡലം പിടിക്കുക എന്ന തങ്ങളുടെ നയം വ്യക്തമാക്കുകയാണ് സമാജ് വാദ് പാർട്ടി ചെയ്തത്. അതിന് മറ്റ് ചില കണക്കുകൂട്ടലുകളും അഖിലേഷ് യാദവിനുണ്ടായിരുന്നു.
അഖിലേഷ് യാദവിൻറെ ആ പരീക്ഷണമാണ് ഒരർത്ഥത്തിൽ ഫൈസാബാദിൽ എസ്പിയെ തുണച്ചതും. ഏറ്റവും കൂടുതൽ ദളിത് ജനസംഖ്യയുള്ള പാസി സമുദായത്തിൽ നിന്നുള്ള ഒരു സ്ഥാനാർത്ഥിയെ കളത്തിലിറക്കി എന്നതാണ് അഖിലേഷ് നടത്തിയ പരീക്ഷണം. പാസി വിഭാഗത്തിനാണ് അയോധ്യ നഗരത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളത്. ഫൈസാബാദിൽ നിന്ന് അവാദേശ് പ്രസാദിൻറെ പേര് ഉയർന്നപ്പോൾ തന്നെ അവിടെ വിജയമുദ്രാവാക്യങ്ങളും ഉയർന്നു കഴിഞ്ഞിരുന്നു. ഇത് മധുരയോ കാശിയോ അല്ല, അയോധ്യയിൽ പാസി മാത്രം, അവദാ മാത്രം എന്ന രീതിയിൽ മുദ്രാവാക്യങ്ങൾ നേരത്തെ തന്നെ ഉയർന്നു കഴിഞ്ഞു. അതായത് അയോധ്യയിൽ ദളിത് സമൂഹം ഒന്നിച്ചു. മറ്റ് ഒബിസി വിഭാഗങ്ങളും, മറ്റ് പിന്നാക്ക വിഭാഗങ്ങളും കൂടി അവാദേശിന് പിന്തുണയുമായി രംഗത്തെത്തിയതോടെ എസ് പി വിജയം മണത്തറിഞ്ഞു.
അനായാസമായി ജയിക്കുമെന്ന് ബിജെപി ഉറപ്പിച്ച ഫൈസാബാദ് സീറ്റിൽ അടിയൊഴുക്കുകൾ കളി മാറ്റിമറിക്കുകയായിരുന്നു. ബിജെപിക്ക് കാലിടറിയത് ലല്ലുസിംഗിൻറെ സ്ഥാനാർത്ഥിത്വം തന്നെയാണ്.മൂന്നാം തവണയാണ് ലല്ലു സിംഗ് ഇവിടെ നിന്നും മത്സരിക്കുന്നത്. നേരത്തെ രണ്ട് തവണ അദ്ദേഹം എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്. അനായാസ വിജയം മുന്നിൽ കണ്ട് ലല്ലു സിംഗ് തിരഞ്ഞെടുപ്പിനായി പ്രത്യേകം പ്രവർത്തിച്ചില്ല എന്നതാണ് പരാജയത്തിന് പ്രധാനകാരണമായ വിലയിരുത്തലുകൾ.
ഭരണഘടന മാറ്റേണ്ടതിനാൽ മോദി സർക്കാരിന് 400 സീറ്റുകൾ വേണമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലല്ലു സിംഗ് പ്രസ്താവന ഇറക്കിയത് മറ്റൊരു തിരിച്ചടിയായി. മുഴുവൻ പ്രതിപക്ഷവും ലല്ലു സിംഗിൻറെ പ്രസ്താവന ഏറ്റുപിടിച്ച് കോലാഹലമുണ്ടാക്കി. കോൺഗ്രസിനും എസ് പിക്കും യുപിയിൽ ഇത്രവലിയ വിജയം നേടിക്കൊടുത്തത് ലല്ലുസിംഗിൻറെ ഈ വാവിട്ട വാക്കാണെന്നത് തർക്കമില്ലാത്ത കാര്യമാണ്.
പ്രധാനമായും ബിഎസ്പി പാളയത്തിൽനിന്നു ചോർന്ന വോട്ടും കോൺഗ്രസുമായി കൈകോർത്തതു വഴി ലഭിച്ച വോട്ടുമാണ് സമാജ്‌വാദി പാർട്ടിയുടെ വോട്ടുവിഹിതത്തിലെ വർധനയ്ക്കു കാരണം. അവാദേശ് പ്രസാദ് 5,54,289 വോട്ടുകൾ നേടിയപ്പോൾ ലല്ലു സിങ്ങിന് 4,99,722 വോട്ടുകൾ ലഭിച്ചു. ബഹുജൻ സമാജ് പാർട്ടിയുടെ (ബിഎസ്പി) സച്ചിദാനന്ദ് പാണ്ഡെ 46407 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്താണ്.
ബരാബാങ്കി ജില്ലയിലെ ദരിയാബാദ് മണ്ഡലവും അയോധ്യ ജില്ലയിലെ റുഡൗലി, മിൽകിപുർ, ബികാപുർ, അയോധ്യ എന്നീ നിയമസഭ മണ്ഡലങ്ങളും ഉൾപ്പെടുന്നതാണ് ഫൈസാബാദ് ലോക്സഭാ മണ്ഡലം. അവസാനം നടന്ന നിയമസഭ തെരഞ്ഞെടുപ്പിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇതിൽ നാല് മണ്ഡലങ്ങൾ ഭാരതീയ ജനതാ പാർട്ടിയുടെ കൈയ്യിലാണ്. മിൽകിപുർ സമാജ് വാദ് പാർട്ടിയുടെ കയ്യിലും.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സിറ്റിങ് എംപി ആയിരുന്ന ലല്ലു സിങ്ങ് വിജയം ആവർത്തിക്കുകയായിരുന്നു.2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിയെ പരാജയപ്പെടുത്തിയാണ് ലല്ലു സിങ് ആദ്യമായി ഫൈസാബാദ് മണ്ഡലത്തിൽ നിന്ന് പാർലമെന്റ് അംഗമാകുന്നത്. സമാജ് വാദി പാർട്ടിയുടെ ആനന്ദ് സെന്നിനെ 65,477 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ലല്ലു സിങ് 2019ൽ പരാജയപ്പെടുത്തിയത്. ആകെ പോൾ ചെയ്ത 10,87,121 വോട്ടുകളുടെ 48.7 ശതമാനം (529,021 വോട്ടുകൾ) നേടിയാണ് ലല്ലു സിങ് തുടർച്ചയായ രണ്ടാം തവണയും ഫൈസാബാദ് ലോക്സഭാ മണ്ഡലത്തിൽ വിജയക്കൊടി നാട്ടിയത്.
2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് ഇവിടെ അവസാനമായി ജയിച്ചത്. സംസ്ഥാനത്തെ മുതിർന്ന നേതാക്കളിൽ ഒരാളായ നിർമൽ ഖാത്രി 54,228 വോട്ടുകൾക്ക് സമാജ് വാദി പാർട്ടിയിലെ മിത്രാസെൻ യാദവിനെയായിരുന്നു അന്ന് പരാജയപ്പെടുത്തിയത്. ഇതുവരെ നടന്ന 16 ലോക്സഭാ പൊതുതെരഞ്ഞെടുപ്പുകളിൽ ഏഴ് തവണയാണ് ഫൈസാബാദ് മണ്ഡലം ഇന്ത്യൻ നാഷണൽ കോൺഗ്രസിനൊപ്പം നിന്നത്. അഞ്ച് തവണ ബിജെപി ഇവിടെ നിന്ന് ലോക്സഭയിലേക്കെത്തി. ജനതാ പാർട്ടി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, സമാജ് വാദി പാർട്ടി, ബഹുജൻ സമാജ് പാർട്ടി എന്നിവർക്ക് ഓരോ തവണ വീതവും ഇവിടെ വിജയിക്കാനായി.
Discussion about this post