ന്യൂഡൽഹി : റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗത്തിൽ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറയ്ക്കാൻ തീരുമാനം. ഇതോടെ റിപ്പോ നിരക്ക് 5.25% ആയി മാറി. റിപ്പോ നിരക്കിൽ കുറവ് വരുത്തുന്നത് വായ്പാ ഇഎംഐകൾ കുറയ്ക്കുന്നതാണ്. ഇതോടൊപ്പം 2026 സാമ്പത്തിക വർഷത്തേക്കുള്ള ജിഡിപി വളർച്ചാ പ്രവചനം മുമ്പത്തെ 6.8% ൽ നിന്ന് 7.3% ആയി ആർബിഐ ഉയർത്തി.
ഈ വർഷം ഫെബ്രുവരിയിൽ ആരംഭിച്ചത് മുതൽ ഇതുവരെ നാല് മീറ്റിംഗുകളിലായി ആർബിഐ റിപ്പോ നിരക്ക് ആകെ 125 ബേസിസ് പോയിന്റ് കുറച്ചിട്ടുണ്ട്. ഇത് വായ്പകളുടെ പലിശ നിരക്കിൽ കുറവ് വരുത്തും. അതുവഴി ഇഎംഐ നിരക്കുകൾ കുറയാനും കാരണമാകുന്നതാണ്. ഒക്ടോബർ മാസത്തിലെ നയത്തിൽ, എംപിസി റിപ്പോ നിരക്ക് 5.50% ആയി നിലനിർത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ ഒടുവിലത്തെ യോഗത്തിൽ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് 5.25 ശതമാനമാക്കാൻ യോഗം ഏകകണ്ഠമായി വോട്ട് ചെയ്തതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗവർണർ സഞ്ജയ് മൽഹോത്ര അറിയിച്ചു.
മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗത്തിൽ എടുത്ത തീരുമാനങ്ങളിലെ പ്രധാന കാര്യങ്ങൾ ഇങ്ങനെയാണ്,
-റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ചു.
– 2025 ഫെബ്രുവരിക്ക് ശേഷം നാലാം തവണയും റിപ്പോ നിരക്ക് കുറച്ചു, ഇതുവരെ ആകെ 1.25 ശതമാനം കുറവ് വരുത്തി.
– ധനനയത്തിൽ നിഷ്പക്ഷ നിലപാട് തുടരും.
– 2025-26 സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ചാ പ്രവചനം 6.8 ശതമാനത്തിൽ നിന്ന് 7.3 ശതമാനമായി ഉയർത്തി.
– നടപ്പു സാമ്പത്തിക വർഷത്തെ റീട്ടെയിൽ പണപ്പെരുപ്പ പ്രവചനം 2.6 ശതമാനത്തിൽ നിന്ന് 2 ശതമാനമായി കുറച്ചു.
– ഓപ്പൺ മാർക്കറ്റ് പ്രവർത്തനങ്ങളിൽ ലിക്വിഡിറ്റി മാനേജ്മെന്റിനായി ആർബിഐ ഒരു ലക്ഷം കോടി രൂപയുടെ സർക്കാർ സെക്യൂരിറ്റികൾ വാങ്ങും.
– റിസർവ് ബാങ്ക് മൂന്ന് വർഷത്തെ കാലാവധിയോടെ 5 ബില്യൺ ഡോളറിന്റെ ‘വാങ്ങൽ-വിൽക്കൽ’ ഡോളർ-രൂപ സ്വാപ്പ് നടത്തും.










Discussion about this post