അന്താരാഷ്ട്ര ക്രിക്കറ്റിൽ വിരാട് കോഹ്‌ലി 100 സെഞ്ച്വറികൾ നേടാനുള്ള സാധ്യതയെക്കുറിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര വിലയിരുത്തലുമായി രംഗത്ത്. 100 സെഞ്ച്വറി നേടണമെങ്കിൽ വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പിൻവലിക്കുകയോ 2027 ലെ ലോകകപ്പിന് ശേഷം ഏകദിനങ്ങളിൽ കളിക്കുന്നത് തുടരുകയോ ചെയ്യേണ്ടി വന്നേക്കാം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങളിൽ തുടർച്ചയായി സെഞ്ച്വറികൾ നേടി വിരാട് ഏറ്റവും മികച്ച ഫോമിലാണ് ഇപ്പോൾ. ഇതോടെ അദ്ദേഹത്തിന്റെ അന്താരാഷ്ട്ര സെഞ്ച്വറികളുടെ എണ്ണം 84 ആയി ഉയർന്നു – ഏകദിനങ്ങളിൽ 53 ഉം ടെസ്റ്റുകളിൽ 30 ഉം ടി20യിൽ ഒന്ന് ഉം.
‘ആകാഷ് ചോപ്ര’ എന്ന തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിൽ, ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിവരികയോ 2027 ലെ ഏകദിന ലോകകപ്പിനപ്പുറം തന്റെ കരിയർ നീട്ടുകയോ ചെയ്തില്ലെങ്കിൽ കോഹ്‌ലിക്ക് 100 സെഞ്ച്വറികൾ നേടുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ കണക്കുകൂട്ടി.
“കോഹ്‌ലിക്ക് 100 സെഞ്ച്വറികൾ നേടാൻ കഴിയുമോ എന്നതാണ് വലിയ ചോദ്യം. അദ്ദേഹത്തിന് 16 സെഞ്ച്വറികൾ കൂടി നേടിയാൽ സ്വപ്ന നേട്ടത്തിലെത്താൻ പറ്റൂ. തുടർച്ചയായി സെഞ്ച്വറികൾ നേടി നിൽക്കുകയാണ് അയാൾ. അതിനാൽ അദ്ദേഹം സ്കോർ ചെയ്യുന്നത് തുടരുമെന്ന് തോന്നുന്നു. ലോകകപ്പ് അവസാനിക്കുമ്പോഴേക്കും അദ്ദേഹത്തിന് 35 മുതൽ 40 വരെ മത്സരങ്ങൾ കളിക്കാൻ കഴിയും. അതിനാൽ അദ്ദേഹം അവ എളുപ്പത്തിൽ സ്കോർ ചെയ്യണമെന്ന് തോന്നുന്നു. നിലവിൽ എല്ലാ ദിവസവും സെഞ്ച്വറി നേടുന്നതിനാൽ അതിനൊന്നും ബുദ്ധിമുട്ട് ഉണ്ടാകില്ല,”
“എന്നാൽ അത് അത്ര എളുപ്പമായിരിക്കില്ല. അവ നേടാനാകുമെന്നതിൽ സംശയമില്ല, പക്ഷേ അത് വളരെ ബുദ്ധിമുട്ടാണ്. 100 സെഞ്ച്വറികൾ നേടണമെങ്കിൽ, ഒന്നുകിൽ അദ്ദേഹം വിരമിക്കലിൽ നിന്ന് തിരിച്ചുവരേണ്ടിവരും, റെഡ്-ബോൾ ക്രിക്കറ്റ് കളിക്കണം. അല്ലെങ്കിൽ ലോകകപ്പിന് ശേഷവും കളിക്കുന്നത് തുടരണം” അദ്ദേഹം കൂട്ടിച്ചേർത്തു.
2024 ലെ ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം വിരാട് കോഹ്‌ലി ടി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2025 ലെ ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിക്ക് മുന്നോടിയായി അദ്ദേഹം ടെസ്റ്റിൽ നിന്നും വിരമിച്ചു.













Discussion about this post