തിരുവനന്തപുരം: ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേരള രാഷ്ട്രീയത്തിൽ പുതു ചരിത്രം രചിച്ചിരിക്കുകയാണെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. തൃശ്ശൂർ മണ്ഡലം പിടിച്ചെടുത്ത് കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി എംപിയായി സുരേഷ് ഗോപി മാറി. ഇതൊരു തുടക്കം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലം പുറത്തുവന്നതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ബിജെപിയിൽ നിന്നും ഒരു എംപി ഉണ്ടായിരിക്കുന്നു. സുരേഷ് ഗോപിയുടെ വിജയം എന്നത് ഒരു പാർലമെന്റ് സീറ്റി ലഭിച്ചു എന്നതിൽ മാത്രം ഒതുക്കാവുന്നതല്ല. മറിച്ച് ഇതൊരു പുതിയ അദ്ധ്യായം കൂടിയാണ്. സുരേഷ് ഗോപിയുടെ വിജയം ഒരു തുടക്കം മാത്രമാണ് എന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
വരും ദിവസങ്ങളിൽ പ്രധാനമന്ത്രിയുടെ വിവിധ ക്ഷേമ പദ്ധതികൾ അനുഭവിക്കാനുള്ള അവസരം കേരളത്തിലെ ജനങ്ങൾക്കും എത്തും. ഇത് ബിജെപിയ്ക്കും പ്രധാനമന്ത്രിയ്ക്കും കൂടുതൽ ജനപിന്തുണ ലഭിക്കുന്നതിലേക്ക് നയിക്കുമെന്നും വി. മുരളീധരൻ വ്യക്തമാക്കി.
74,686 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആയിരുന്നു തൃശ്ശൂരിൽ നിന്നുള്ള സുരേഷ് ഗോപിയുടെ വിജയം. നാല് ലക്ഷത്തിലധികം വോട്ടുകൾ സുരേഷ് ഗോപി നേടിയിരുന്നു. ഇവിഎമ്മുകൾ എണ്ണി തുടങ്ങിയപ്പോൾ മുതൽ വ്യക്തമായ ഭൂരിപക്ഷം സുരേഷ് ഗോപി നിലനിർത്തിയിരുന്നു.
Discussion about this post