പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ ദയനീയപ്രകടനത്തെ വിമർശിച്ച് യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. രണ്ടാം പിണറായി സർക്കാരിന് നിലവാര തകർച്ചയാണ്. ഇനിയും പാഠം പഠിച്ചില്ലെങ്കിൽ ബംഗാളിന്റെയും ത്രിപുരയുടെയും ഗതി വരുമെന്ന് ഗീവർഗീസ് മാർ കൂറിലോസ് കുറ്റപ്പെടുത്തി. ഫേസ്ബുക്കിലൂടെയാണ് വിമർശനം.
കേരളത്തിൽ ഭരണവിരുദ്ധ വികാരമുണ്ട്. രണ്ടാം പിണറായി സർക്കാരിന് നിലവാരത്തകർച്ചയുണ്ടായി. മന്ത്രിമാരുടെ പ്രകടനം ദയനീയമായി. ജനങ്ങൾ നൽകുന്ന തുടർച്ചയായ ആഘാതചികിത്സയിൽ നിന്നും ഇനിയും പാഠം പഠിക്കുവാൻ തയ്യാറായില്ലെങ്കിൽ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥവരുമെന്നും ഗീവർഗീസ് കൂറിലോസ് വിമർശിച്ചു.
കിറ്റ് രാഷ്ട്രീയത്തിൽ ഒന്നിലധികം തവണ ജനം വീഴില്ല. പ്രളയവും മഹാമാരിയും എപ്പോഴും രക്ഷക്കെത്തണമെന്നില്ല. ധാർഷ്ട്യം തുടർന്നാൽ വലിയ തിരിച്ചടിയുണ്ടാകും. സാമ്പത്തിക നയങ്ങളിലെ പരാജയം, അച്ചടക്കം ഇല്ലായ്മ, ധൂർത്ത് , വളരെ മോശമായ പോലീസ് നയങ്ങൾ, മാധ്യമ വേട്ട, സഹകരണ ബാങ്കുകളിൽ ഉൾപ്പെടെ നടന്ന അഴിമതികൾ, പെൻഷൻ മുടങ്ങിയത് അടക്കം പാവപ്പെട്ടവരെ അവഗണിച്ചുള്ള നീക്കങ്ങൾ, എസ്എഫ്ഐയുടെ അക്രമാസക്ത രാഷ്ട്രീയം, വിമർശനങ്ങളോടുള്ള അസഹിഷ്ണുത, മത-സാമുദായിക സംഘടനകളെ അതിരുവിട്ട് പ്രീണിപ്പിക്കുവാനുള്ള ശ്രമങ്ങൾ, വലതു വൽക്കരണ നയങ്ങൾ തുടങ്ങിയ നിരവധി കാരണങ്ങൾ ഈ തോൽവിക്ക് നിദാനം ആണെന്നും പോസ്റ്റിൽ ഗീവർഗീസ് കൂറിലോസ് പറയുന്നു.













Discussion about this post