ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് 74 വനിതാ എംപിമാരെയാണ് രാജ്യത്തിന് സമ്മാനിച്ചിരിക്കുന്നത്. ഇതിൽ ബോളിവുഡ് താരമായ കങ്കണാ റണാവത് മുതൽ തൃണമൂലിന്റെ മുൻ വനിതാ എംപി ആയ മഹുവ മൊയ്ത്രവരെയുണ്ട്. ഇതിൽ പലരും കന്നിയഗം ജയിച്ചാണ് എംപി ആയത് എന്നത് എടുത്ത് പറയേണ്ടതാണ്. എല്ലാ വനിതാ എംപിമാരുടെയും വിജയം അവരുടെ മുന്നണികൾക്ക് സന്തോഷം നൽകുന്നതാണ് എങ്കിലും ഇവരിൽ ശാംഭവിയുടെ വിജയം മാത്രം അൽപ്പം സവിശേഷത നിറഞ്ഞതാണ്. ലോക്‌സഭയിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ എംപിയാണ് ശാംഭവി.
25 വയസ്സാണ് ശാംഭവിയുടെ പ്രായം. ലോക്‌സഭയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്രയും പ്രായം കുറഞ്ഞ വനിതാ എംപി ഉണ്ടാകുന്നത്. ബിഹാറിലെ സമസ്തിപൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നും അഞ്ചത്തിലധികം വോട്ടുകൾ കൈപ്പിടിയിൽ ഒതുക്കിക്കൊണ്ടായിരുന്നു ശാംഭവിയുടെ വിജയം.
കോൺഗ്രസിന്റെ മുതിർന്ന നേതാവായ സണ്ണി ഹസാരിയായിരുന്നു ശാംഭവിയുടെ മണ്ഡലത്തിലെ എതിരാളി. എന്നാൽ സണ്ണിയുടെ രാഷ്ട്രീയ അനുഭവമോ പാരമ്പര്യമോ മണ്ഡലത്തിൽ തുണച്ചില്ല. ഒന്നര ലക്ഷത്തിലധികം വോട്ടുകൾ നേടി കൊണ്ടായിരുന്നു സണ്ണി ഹസാരിയെ ശാംഭവി പരാജയപ്പെടുത്തിയത്. ആദ്യ രാഷ്ട്രീയ പോരിൽ 5,79,786 വോട്ടുകളും ശാംഭവി സ്വന്തമാക്കി. ജെഡിയു നേതാവ് മഹേശ്വർ ഹസാരിയുടെ മകൻ കൂടിയാണ് സണ്ണി ഹസാരി.
1999 ലായിരുന്നു ശാംഭവിയുടെ ജനനം. രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബം ആയിരുന്നു ശാംഭവിയുടേത്. ജെഡിയു മുതിർന്ന നേതാവും ബിഹാർ മന്ത്രിയുമായ അശോക് ചൗധരി ആണ് ശാംഭവിയുടെ പിതാവ്. കോൺഗ്രസിൽ രാഷ്ട്രീയം ആരംഭിച്ച അശോക് ചൗധരി 2018 ലാണ് ജെഡിയുവിലേക്ക് ചേക്കേറിയത്.
രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബമായത് കൊണ്ടുതന്നെ സാമൂഹ്യ സേവനത്തിൽ ശാംഭവി തത്പര ആയിരുന്നു. ഡൽഹിയിൽ ആയിരുന്നു ശാംഭവി ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ലേഡി ശ്രീ റാം കോളേജിൽ നിന്നും ബിരുദം എടുത്ത ശാംഭവി ഡൽഹി സ്‌കൂൾ ഓഫ് എക്കണോമിക്‌സിൽ നിന്നും എംഎ സോഷ്യോളജിയിൽ ബിരുദാന്തര ബിരുദവും സ്വന്തമാക്കി. നിലവിൽ മഗാദ് സർവ്വകലാശാലയിലെ പിഎച്ച്ഡി വിദ്യാർത്ഥിയാണ് ശാംഭവി. വിവാഹിത കൂടിയാണ് ഈ 25 കാരി.
എൻഡിഎയുടെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി ആയിരുന്നു ശാംഭവി. ഇതിൽ പ്രധാനമന്ത്രി ശാംഭവിയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. എന്നാൽ വിജയത്തോടെയാണ് ശാംഭവിയും ഒപ്പം പ്രായവും വാർത്തകളിൽ ഇടംനേടാൻ ആരംഭിച്ചത്.
അതേസമയം ശാംഭവിയ്ക്ക് പുറമേ 25 വയസ്സ് പ്രായം ഉള്ള മൂന്ന് എംപിമാർ കൂടി ഇത്തവണ ലോക്‌സഭയിൽ ഉണ്ട്. രാജസ്ഥാനിൽ നിന്നുള്ള സഞ്ജന ജാതവ്, കൗശാംഭിയിൽ നിന്നുള്ള പുഷ്‌പേന്ദ്ര സരോജ്, മച്ചിൽഷഹറിൽ നിന്നുള്ള പ്രിയ സരോജ് എന്നിവരാണ് പ്രായം കുറഞ്ഞ എംപിമാർ. ഇവരെല്ലാം ജനിച്ചത് ഒരേ വർഷം ആണെങ്കിലും മാസങ്ങളുടെ കണക്കെടുത്താൽ ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമെന്ന ചരിത്രം ശാംഭവിയ്ക്ക് തന്നെ സ്വന്തം.
Discussion about this post