2026 ടി20 ലോകകപ്പിന് വേദിയാകുന്ന രാജ്യങ്ങളിൽ ഒന്നാണെങ്കിലും ശ്രീലങ്കയ്ക്ക് ഇത്തവണ സെമി ഫൈനലിൽ എത്തുക പ്രയാസകരമായിരിക്കുമെന്ന് ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. സമാനമായ സാഹചര്യങ്ങളിൽ കളിക്കുന്നത് അനുകൂല ഘടകമാണെങ്കിലും ടീമിൻ്റെ നിലവിലെ ഫോമും ബാറ്റിംഗിലെ പരിമിതികളും തിരിച്ചടിയാകുമെന്ന് അശ്വിൻ വിലയിരുത്തുന്നു.
ദാസുൻ ഷാനകയെ വീണ്ടും ക്യാപ്റ്റനായി നിയമിച്ചെങ്കിലും ശ്രീലങ്കയുടെ സമീപകാല പ്രകടനം അത്ര മികച്ചതല്ല എന്നാണ് അശ്വിന്റെ വിലയിരുത്തൽ. അവസാന അഞ്ച് ടി20 മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് അവർക്ക് ജയിക്കാനായത്. “ശ്രീലങ്ക ടോപ്പ്-ഫോറിൽ എത്തുമെന്ന് ഞാൻ കരുതുന്നില്ല. അങ്ങനെ സംഭവിച്ചാൽ ഞാൻ ശരിക്കും അത്ഭുതപ്പെടും. വെസ്റ്റേൺ ടീമുകൾക്കെതിരെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകൾ ഒരുക്കി അവർക്ക് ഒരു കൈ നോക്കാമെന്ന് മാത്രം,” അശ്വിൻ തൻ്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ശ്രീലങ്ക ഉൾപ്പെടുന്ന ഗ്രൂപ്പ് ബിയിൽ കരുത്തരായ ഓസ്‌ട്രേലിയയും ഒപ്പം സിംബാബ്‌വെ, അയർലൻഡ്, ഒമാൻ എന്നീ ടീമുകളുമുണ്ട്. ഫെബ്രുവരി 8-ന് അയർലൻഡിനെതിരെയാണ് ലങ്കയുടെ ആദ്യ മത്സരം. ഇത് കൂടാതെ കഴിഞ്ഞ ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളായ അഫ്ഗാനിസ്ഥാനും ഇത്തവണ സെമിയിൽ എത്താൻ സാധ്യതയില്ലെന്ന് അശ്വിൻ പ്രവചിക്കുന്നു. സ്പിൻ ബൗളിംഗിൽ അവർ കരുത്തരാണെങ്കിലും ഫ്ലാറ്റ് പിച്ചുകളിൽ വലിയ സ്കോറുകൾ കണ്ടെത്താൻ അവരുടെ ബാറ്റിംഗ് നിരയ്ക്ക് കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“അഫ്ഗാനിസ്ഥാൻ ഇന്ത്യയിൽ കളിക്കുന്നത് കൊണ്ട് വലിയ സാധ്യതയുണ്ടെന്ന് ആളുകൾ പറഞ്ഞേക്കാം. എന്നാൽ അവരുടെ ബാറ്റിംഗ് വലിയൊരു പ്രശ്നമാണ്. പകലത്തെ മത്സരങ്ങളിൽ അവർക്ക് ചിലപ്പോൾ സാധ്യതയുണ്ടാകാം, എങ്കിലും അവർ ആദ്യ നാലിൽ എത്തുമെന്ന് ഞാൻ കരുതുന്നില്ല,” അശ്വിൻ വ്യക്തമാക്കി.
റാഷിദ് ഖാൻ നയിക്കുന്ന അഫ്ഗാനിസ്ഥാൻ, ന്യൂസിലൻഡ്, സൗത്ത് ആഫ്രിക്ക എന്നീ കരുത്തർക്കൊപ്പമാണ് ‘ഗ്രൂപ്പ് ഓഫ് ഡെത്തിൽ’ ഉൾപ്പെട്ടിരിക്കുന്നത്.












