തൃശൂർ: നടി നിമിഷാ സജയനെതിരായി ട്രോളുകളും പരിഹാസങ്ങളും ഉയരുന്നതിൽ പ്രതികരിച്ച് നടനും സുരേഷ് ഗോപി എംപിയുടെ മകനുമായ ഗോകുൽ സുരേഷ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി സുരേഷ് ഗോപി വൻ ഭൂരിപക്ഷത്തിൽ ജയിച്ചതിന് പിന്നാലെയാണ് നിമിഷയ്‌ക്കെതിരെ ട്രോളുകൾ ഉയർന്നത്. നാല് വർഷം മുൻപ് നടി ഒരു വേദിയിൽ പറഞ്ഞ ചില കാര്യങ്ങളുടെ പേരിലായിരുന്നു ട്രോളുകളും കമന്റുകളും ഉയർന്നത്.
തൃശൂർ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്. നമ്മൾ കൊടുക്കുവോ, കൊടുക്കൂല’- എന്നായിരുന്നു നടി അന്ന് പറഞ്ഞത്. സിഎഎ വിരുദ്ധ പരിപാടിയിലായിരുന്നു നടിയുടെ ഈ പരാമർശം. ഇതും സുരേഷ് ഗോപിയുടെ ജയവും ചൂണ്ടിക്കാട്ടിയായിരുന്നു സൈബർ ആക്രമണവും ട്രോളുകളും. ഇതിലാണ് ഗോകുൽ സുരേഷ് പ്രതികരിച്ചത്. നിമിഷയ്ക്കെതിരായ സൈബർ ആക്രമണത്തിൽ വിഷമമുണ്ടെന്ന് ഗോകുൽ സുരേഷ് പ്രതികരിച്ചു. അതോടൊപ്പം തന്നെ സഹപ്രവർത്തകനാണെന്ന് പോലും ഓർക്കാതെയാണ് അച്ഛനെക്കുറിച്ച് നിമിഷ അന്ന് അങ്ങനെ പറഞ്ഞതെന്നും ഗോകുൽ കൂട്ടിച്ചേർത്തു.
നിമിഷ അത് പറഞ്ഞപ്പോൾ മാദ്ധ്യമങ്ങൾ വൈറലാക്കിയതും ഞാൻ കണ്ടിരുന്നു. തിരിച്ച് അതേപോലെ നടക്കുന്നു. ഇതുകാരണം നിമിഷ വിഷമിക്കുന്നുണ്ടെങ്കിൽ എനിക്കോ അച്ഛനോ അതൊട്ടും സുഖമുള്ള കാര്യമല്ല, സന്തോഷം കൂടുതൽ തരുന്നുമില്ല. ഒരുപക്ഷേ അന്ന് അത് പറഞ്ഞപ്പോൾ നിമിഷയ്ക്ക് സന്തോഷമായിരിക്കാം. അത് ആളുകളുടെ വ്യത്യസ്തമായ കാഴ്ചപ്പാടും മനസുമാണെന്ന് ഗോകുൽ പറയുന്നു. എന്റെ അച്ഛൻ നിമിഷയെ വെറുക്കുകയോ മോശമായി സംസാരിക്കുകയോ ഒന്നും ചെയ്തിട്ടില്ല.അന്ന് നിമിഷയ്ക്ക് അങ്ങനെ പറയാൻ തോന്നി. എന്നാൽ ഇന്ന് നിമിഷയ്ക്കെതിരെ ഇങ്ങനെ വീഡിയോ വരുമ്പോൾ എന്റെ അച്ഛൻ അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്തിനാ ആൾക്കാർ ആ കുട്ടിയെ ഇങ്ങനെ ചെയ്യുന്നതെന്നാണ് എന്റെ അച്ഛന്റെ ചോദ്യം. മനസിലായില്ലേയെന്ന് ഗോകുൽ ചൂണ്ടിക്കാട്ടി.
Discussion about this post