ന്യൂഡൽഹി : മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വിശിഷ്ടാതിഥികളിൽ സാധാരണകാരും ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ട്. ശുചീകരണ തൊഴിലാളികൾ, ട്രാൻസ്ജെൻഡർമാർ, സെൻട്രൽ വിസ്ത പദ്ധതിയിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾ മുതൽ ലോകനേതാക്കൾ വരെ ഉണ്ടായിരിക്കുമെന്നാണ് വിവരം. വന്ദേഭാരത്, മെട്രോ ട്രെയിനുകളിൽ ജോലി ചെയ്യുന്ന റെയിൽവേ ജീവനക്കാരും കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളും ‘വിക്ഷിത് ഭാരത് അംബാസഡർമാരിൽ ഉൾപ്പെടുന്നു.
ഞായറാഴ്ചയാണ് സത്യപ്രതിജ്ഞ ചടങ്ങ് . രാഷ്ട്രപതി ഭവനിൽ 8,000 ലധികം അതിഥികളാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. ചടങ്ങിലേക്ക് ദക്ഷിണേഷ്യൻ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയും ക്ഷണം സ്ഥിരീകരിച്ചിട്ടുണ്ട്. നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ് ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥ് എന്നിവർക്കും ചടങ്ങിൽ ക്ഷണമുണ്ട്.
2014 ൽ സാർക്ക് (സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോ-ഓപ്പറേഷൻ) രാജ്യങ്ങളിലെ നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തിരുന്നു. 2019-ൽ ബിംസ്റ്റെക്കിന്റെ (ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി സെക്ടറൽ ടെക്‌നിക്കൽ ആൻഡ് ഇക്കണോമിക് കോപ്പറേഷൻ) രാജ്യങ്ങളിലെ നേതാക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു.
ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് ശേഷം തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനെന്ന നേട്ടവും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വന്തമാണ്.
Discussion about this post