ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിൽ കേന്ദ്ര മന്ത്രിയാകാൻ തൃശ്ശൂരിൽ നിന്നുള്ള ബിജെപി എംപി സുരേഷ് ഗോപി. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് കേന്ദ്രത്തിൽ നിന്നും നിർദ്ദേശം ലഭിച്ചുവെന്നാണ് സൂചന. ഞായറാഴ്ച അദ്ദേഹം കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
ഞായറാഴ്ചയാണ് രാഷ്ട്രപതി ഭവനിൽ പ്രധാനമന്ത്രിയായുള്ള നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ. ഇതേ ചടങ്ങിൽവച്ച് സുരേഷ് ഗോപിയും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കേരളത്തിൽ നിന്നുള്ള ഏക എംപിയാണ് സുരേഷ് ഗോപി. തിരഞ്ഞെടുപ്പ് ഫലത്തില് തൊട്ട് പിന്നാലെ തന്നെ അദ്ദേഹത്തിന് മന്ത്രിസ്ഥാനം നൽകുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. അങ്ങിനെ മന്ത്രിസ്ഥാനം ലഭിച്ചാൽ സ്വീകരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
നിലവിൽ ഡൽഹിയിലാണ് സുരേഷ് ഗോപി. എൻഡിഎയുടെ യോഗത്തിൽ പങ്കെടുക്കുന്നതിനും മന്ത്രിസഭ സംബന്ധിച്ച ചർച്ചകൾക്കും വേണ്ടിയാണ് അദ്ദേഹം ഡൽഹിയിൽ എത്തിയത്. കേന്ദ്ര മന്ത്രിസ്ഥാനം ലഭിക്കുന്ന സാഹചര്യത്തിൽ സത്യപ്രതിജ്ഞയ്ക്ക് ശേഷമേ അദ്ദേഹം കേരളത്തിലേക്ക് മടങ്ങൂ എന്നാണ് സൂചന.
ഡൽഹിയിൽ എത്തിയ സുരേഷ് ഗോപിയ്ക്ക് ഉജ്ജ്വല സ്വീകരണം ആയിരുന്നു ബിജെപി പ്രവർത്തകർ നൽകിയത്. കേരളത്തിൽ നിന്നുള്ള ബിജെപി എംപിയായി പാർലമെന്റിൽ എത്താൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
Discussion about this post