ജക്കാർത്ത: ഇന്തോനേഷ്യയിൽ യുവതിയെ പെരുമ്പാമ്പ് വിഴുങ്ങി. സൗത്ത് സുലവേസി പ്രവിശ്യയിലെ കലംപാംഗ് ഗ്രാമത്തിലായിരുന്നു സംഭവം. 45 കാരിയായ ഫരീദയെ ആണ് പാമ്പ് വിഴുങ്ങിയത്.
വെള്ളിയാഴ്ചയായിരുന്നു നാല് കുട്ടികളുടെ അമ്മയായ ഫരീദയെ പെരുമ്പാമ്പ് വിഴുങ്ങിയ നിലയിൽ കണ്ടത്. വ്യാഴാഴ്ച വീട്ടിൽ നിന്നും പുറത്തു പോയ ഫരീദയെ പിന്നീട് കാണാതെ ആകുകയായിരുന്നു. തുടർന്ന് ഭർത്താവും അയൽക്കാരും ചേർന്ന് തിരച്ചിൽ നടത്തി. ഇതിനിടെ സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ യുവതി ഉപയോഗിച്ചിരുന്ന സാധനങ്ങളുടെ ഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രദേശത്ത് അന്വേഷണം വ്യാപിപ്പിച്ചു. ഇതോടെയാണ് എന്തിനെയോ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടത്.
16 അടി നീളമായിരുന്നു പെരുമ്പാമ്പിന് ഉണ്ടായിരുന്നത്. സംഭവം കണ്ട് സംശയം തോന്നിയ ഭർത്താവും നാട്ടുകാരും ചേർന്ന് പാമ്പിന്റെ വയർ കീറി പരിശോധിച്ചു. അപ്പോൾ ഫരീദയുടെ തല കാണുകയായിരുന്നു. തുടർന്ന് മൃതദേഹം പൂർണമായും പാമ്പിന്റെ വയറ്റിൽ നിന്നും പുറത്ത് എടുത്തു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അതീവ ഭീതിയിലാണ് നാട്ടുകാർ.
ഇതിന് മുൻപും ഇന്തോനേഷ്യയിൽ മനുഷ്യനെ പെരുമ്പാമ്പ് വിഴുങ്ങിയ സംഭവം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം സുലാവേസി പ്രവിശ്യയിലെ തന്നെ മറ്റൊരു ഗ്രാമമായ ടിനാംഗേയയിൽ കർഷകനെ പെരുമ്പാമ്പ് വിഴുങ്ങിയിരുന്നു.
Discussion about this post