ന്യൂഡൽഹി: തുടർച്ചയായി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ആശംസകളുമായി ബോളിവുഡ് സിനിമാ ലോകം. നിരവധി താരങ്ങളും പ്രമുഖരുമാണ് മോദിയ്ക്ക് സമൂഹമാദ്ധ്യമങ്ങളിലൂടെ അഭിനന്ദനമറിയിച്ചത്. നടൻ സിദ്ധാർത്ഥ് മൽഹോത്ര, വരുൺ ധവാൻ, രാജ്കുമാർ റാവൂ എന്നിവർ പ്രധാനമന്ത്രിക്ക് ആശംസകളറിയിച്ചു.
ചരിത്രപരമായ മൂന്നാം തവണയ്ക്ക് പ്രധാനമന്ത്രി മോദിയ്ക്ക് അഭിനനന്ദനങ്ങൾ എന്നാണ് നടൻ സിദ്ധാർത്ഥ് മൽഹോത്ര ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി കുറിച്ചത്. ‘ചരിത്രപരമായ മൂന്നാം തവണയ്ക്കും സത്യപ്രതിജ്ഞാ ചടങ്ങിനും അഭിനന്ദനങ്ങൾ പ്രിയപ്പെട്ട നരേന്ദ്ര മോദി. നമ്മുടെ രാജ്യത്തെ താങ്കൾ ഉയരങ്ങളിലെത്തിക്കട്ടെ, ഹരി ഓം’- വരുൺ ധവാൻ എക്‌സിൽ കുറിച്ചു.
ചരിത്രപരമായ മൂന്നാം വിജയത്തിന് പ്രിയപ്പെട്ട നരേന്ദ്ര മോദിയ്ക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ. താങ്കളുടെ മാതൃകാപരമായ നേതൃത്വത്തിന് കീഴിൽ നമ്മുടെ രാജ്യം തഴച്ചുവളരട്ടെ. ദൈവം അനുഗ്രഹിക്കട്ടെ സർ, എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് രാജ്കുമാർ റാവൂ എക്‌സിൽ കുറിച്ചത്.
തമിഴക വെട്രി കഴകത്തിന് വേണ്ടി നടൻ വിജയും പ്രധാനമന്ത്രിയ്ക്ക് ആശംസകൾ നേർന്നു. ‘മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നരേന്ദ്ര മോദിയ്ക്ക് തമിഴക വെട്രി കഴകത്തിന് വേണ്ടി ഞാൻ ആശംസകൾ അറിയിക്കുന്നു’ വിജയ് എക്‌സിൽ കുറിച്ചു. കാന്താര ഋഷഭ് ഷെട്ടി, ചിരഞ്ജീവി, സുനിൽ ഷെട്ടി, കരൺ ജോഹർ, എന്നിവരും നരേന്ദ്ര മോദിയ്ക്ക് ആശംസകളറിയിച്ചിരുന്നു.
Discussion about this post