ന്യൂഡൽഹി : മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം പിഎം ഓഫീസിലെത്തിയ നരേന്ദ്രമോദിയെ ഉദ്യോഗസ്ഥർ തികഞ്ഞ ഹർഷാരവത്തോടെയും കയ്യടികളോടെയും ആണ് വരവേറ്റത്. പ്രധാനമന്ത്രി ഓഫീസിൽ എത്തിയ നരേന്ദ്രമോദി വൈകാതെ തന്നെ ആദ്യ പ്രവൃത്തി ദിനത്തിലെ ആദ്യ ഫയൽ ഒപ്പിട്ടു. പിഎം കിസാൻ സമ്മാൻ നിധിയുടെ 17-ാം ഗഡു പുറത്തിറക്കാൻ അനുമതി നൽകുന്ന ഫയലിൽ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാമതും അധികാരമേറ്റ ശേഷം ആദ്യമായി ഒപ്പുവെച്ചത്.
ഫയലിൽ പ്രധാനമന്ത്രി ഒപ്പുവച്ചതോടെ രാജ്യത്തെ 9.3 കോടി കർഷകർക്ക് 20,000 കോടി രൂപ വിതരണം ചെയ്യുന്ന നടപടികൾ ആരംഭിച്ചു. ഈ 20,000 കോടി രൂപ നേരിട്ട് ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുന്നതായിരിക്കും. പ്രധാനമന്ത്രി ചുമതലയേറ്റതിന് ശേഷം ഒപ്പിട്ട ആദ്യ ഫയൽ കർഷക ക്ഷേമവുമായി ബന്ധപ്പെട്ടതാണ് എന്നുള്ളത് തീർത്തും ഉചിതമായ കാര്യമാണെന്നും കർഷകർക്കും കാർഷിക മേഖലയ്ക്കും വേണ്ടി ഇനിയും കൂടുതൽ പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
അതേസമയം പി എം കിസാൻ സമ്മാന നിധിയുമായി ബന്ധപ്പെട്ട് നൽകുന്ന 6000 രൂപ 8000 രൂപയാക്കി വർധിപ്പിക്കാൻ രാജസ്ഥാൻ സർക്കാർ തീരുമാനിച്ചു. കേന്ദ്രസർക്കാർ നൽകുന്ന തുകയ്ക്കൊപ്പം സംസ്ഥാന സർക്കാരിന്റെ കൂടി പങ്കാളിത്തം ഉറപ്പുവരുത്തി കൊണ്ടാണ് കർഷകർക്കുള്ള തുക വർദ്ധിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ ബിജെപി നൽകിയിരുന്ന പ്രധാന വാഗ്ദാനങ്ങളിൽ ഒന്നു കൂടിയായിരുന്നു പി എം കിസാൻ സമ്മാൻ തുക 8000 രൂപയായി വർദ്ധിപ്പിക്കും എന്നുള്ളത്. ‘അന്നദാതാ-ഉത്താൻ’ എന്ന സങ്കൽപ്പത്തിൽ ഊന്നിയാണ് രാജസ്ഥാൻ സർക്കാർ പ്രവർത്തിക്കുന്നതെന്നും നൽകിയ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റുമെന്നും മുഖ്യമന്ത്രി ഭജൻലാൽ ശർമ പ്രഖ്യാപിച്ചു.
Discussion about this post