ടോക്കിയോ : ഒരു റസ്റ്റോറന്റിൽ കയറി ഇഷ്ടപ്പെട്ട ഭക്ഷണം ഓർഡർ ചെയ്തു കാത്തിരുന്നതിനു ശേഷം ഒടുവിൽ നമുക്ക് മുൻപിലേക്ക് എത്തുന്നത് കഴിക്കാൻ യാതൊരു താല്പര്യവുമില്ലാത്ത ഒരു ഭക്ഷണമാണെങ്കിലോ? നമ്മൾ സാധാരണ മനുഷ്യരെപ്പോലെ പെരുമാറുകയാണെങ്കിൽ അവിടെ പിന്നെ തർക്കമായി, വഴക്കായി ആകെ ബഹളമയം തന്നെ ആയേനെ അല്ലേ? എന്നാൽ ഇത്തരം സംഭവങ്ങൾ ദിവസേന ആവർത്തിക്കുന്ന ഒരു റസ്റ്റോറന്റ് ഉണ്ട്. എന്നാൽ ഇവിടെയെത്തുന്ന ഉപഭോക്താക്കൾക്ക് ആർക്കും തന്നെ ഇക്കാര്യത്തിൽ യാതൊരു പരാതിയുമില്ല. ആരെയും വിസ്മയിപ്പിക്കുന്ന ഈ റസ്റ്റോറന്റ് അങ്ങ് ജപ്പാനിലാണ് സ്ഥിതി ചെയ്യുന്നത്.
തെറ്റായ ഓർഡറുകളുടെ സ്ഥലം, ഓർഡറുകൾ മാറിപ്പോകുന്ന ഇടം എന്നിങ്ങനെയെല്ലാം അറിയപ്പെടുന്ന ഈ റസ്റ്റോറന്റിന്റെ പ്രധാന സവിശേഷത ഇവിടെ ജോലി ചെയ്യുന്നവർ എല്ലാവരും തന്നെ മറവിരോഗമായ ഡിമെൻഷ്യ അനുഭവിക്കുന്നവരാണ് എന്നുള്ളതാണ്. സൂപ്പർ-ഏജിംഗ് സൊസൈറ്റി എന്നറിയപ്പെടുന്ന ജപ്പാനിൽ, 2025-ഓടെ അഞ്ചിലൊരാളെ ഡിമെൻഷ്യ ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇപ്പോൾ തന്നെ നിരവധി ഡിമെൻഷ്യ രോഗികൾ ഉള്ള ജപ്പാനിൽ ഇവരിൽ ഭൂരിഭാഗവും വീടിനകത്ത് തന്നെ കഴിയുന്നവരാണ്. എന്നാൽ അങ്ങനെയുള്ളവർക്കും അല്പം കരുതലോടെ അവരുടെ ജീവിതം ആസ്വദിക്കാനുള്ള ഒരു ഇടം ഒരുക്കുകയാണ് ഈ റസ്റ്റോറന്റ് ഉടമ ചെയ്യുന്നത്.
ഇവിടുത്തെ ജീവനക്കാരെ കുറിച്ചും അവരുടെ വൈജ്ഞാനിക വൈകല്യത്തെ കുറിച്ചും തികഞ്ഞ ധാരണയോടെയാണ് ഈ റസ്റ്റോറന്റിലേക്ക് ഉപഭോക്താക്കൾ എത്തുന്നത്. അതിനാൽ തന്നെ അവരുടെ ഓർഡറുകൾ മാറിപ്പോയാലോ ഭക്ഷണം നൽകുന്നതിനുള്ള സമയം വൈകിയാലോ ഒന്നും ആർക്കും യാതൊരു പരിഭവവും പരാതിയും ഇല്ല. പകരം തങ്ങളുടെ സൗമ്യമായ പെരുമാറ്റം കൊണ്ട് പരിമിതമായ ഓർമ്മകൾ മാത്രമുള്ള ആ സാധുക്കളുടെ മുഖത്ത് അല്പം സമയത്തേക്ക് എങ്കിലും ഒരു പുഞ്ചിരി വിടർത്താൻ കഴിഞ്ഞാൽ അത് വലിയ നേട്ടമായി കരുതുന്ന കുറേയേറെ ജനങ്ങൾ ദിവസേന ഈ റസ്റ്റോറന്റ് സന്ദർശിക്കാറുണ്ട്. ഭക്ഷണത്തേക്കാൾ ഉപരി ഓർമ്മകൾ ഇല്ലാത്ത ആ മനുഷ്യരുടെ ചെറിയ ചെറിയ സന്തോഷങ്ങൾ ആസ്വദിക്കാനാണ് മാറിപ്പോകും എന്ന് അറിയാമായിരുന്നിട്ടും തങ്ങളുടെ ഇഷ്ടഭക്ഷണവും ഓർഡർ നൽകി ഈ റസ്റ്റോറന്റിൽ എത്തുന്ന ഉപഭോക്താക്കൾ കാത്തിരിക്കുന്നത്. ഇത്തരത്തിൽ ഒരു വലിയ മനസ്സുള്ള സംരംഭത്തെ കുറിച്ച് ജപ്പാൻ ഗവൺമെന്റ് തന്നെ ഇപ്പോൾ ലോകത്തിനു മുമ്പിൽ വെളിപ്പെടുത്തിയിരിക്കുകയാണ്. ലോകരാജ്യങ്ങൾക്ക് ഇതൊരു വലിയ മാതൃകയാക്കാൻ കഴിയും എന്നാണ് ജപ്പാൻ പ്രതീക്ഷിക്കുന്നത്.
Discussion about this post