കൊച്ചി: സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാനുള്ള മക്കളുടെ അവകാശത്തിന് മാതാപിതാക്കളുടെ സ്‌നേഹവും ആശങ്കയും തടസ്സമാകരുതെന്ന് ഹൈക്കോടതി. താൻ ഇഷ്ടപ്പെടുന്ന യുവതി പിതാവിൻറെ തടവിലാണെന്നും, മോചിപ്പിക്കണം എന്നും ആവശ്യപ്പെട്ടുളള കൊല്ലം സ്വദേശിയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ അനുകൂല ഉത്തരവ്.
പ്രായപൂർത്തിയായവർക്ക് സ്വന്തം വിവാഹക്കാര്യത്തിൽ തീരുമാനം എടുക്കാൻ ഭരണഘടന അവകാശം നൽകുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.മാതാപിതാക്കൾക്ക് സ്നേഹമോ ആശങ്കയോ ഉണ്ടെന്ന് കരുതി പ്രായപൂർത്തിയായ ഒരാൾക്ക് സ്വന്തം പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശത്തെ അട്ടിമറിക്കാൻ കഴിയില്ലെന്ന് ഷഹിൻ ജഹാൻ കേസിലെ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ജർമനിയിൽ വിദ്യാർഥിയായ ഇരുപത്തിയാറുകാരനായ യുവാവാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. തൃശൂർ സ്വദേശിനിയായ പ്രൊജക്ട് എഞ്ചിനീയറായ യുവതിയുമായി താൻ ഇഷ്ടത്തിലാണ്. എന്നാൽ താൻ മറ്റൊരു മതത്തിൽപ്പെട്ടയാളായതിനാൽ യുവതിയുടെ പിതാവ് തങ്ങളെ ഒരുമിച്ച് ജീവിക്കാൻ സമ്മതിക്കുന്നില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
യുവതി വീട്ടുതടങ്കിലാണെന്നും മോചിപ്പിച്ച് തന്നോടൊപ്പം വരാൻ അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. ഹർജിയിൽ വിശദമായി വാദം കേട്ട ഡിവിഷൻ ബെഞ്ച് തടവിലാണെന്ന് പറയപ്പെടുന്ന യുവതിയുമായി ഓൺലൈനായി സംസാരിച്ചു. വീട്ടുതടങ്കലിലാണെന്നും ഹർജിക്കാരനായ യുവാവിനെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും അറിയിച്ചു. പ്രായപൂർത്തിയായവരുടെ വിവാഹമെന്നത് ഭരണഘടനാപരമായ അവകാശമാണെന്ന് വ്യക്തമാക്കിയാണ് യുവതിയെ സ്വതന്ത്രയാക്കണമെന്നും അതുവഴി ഹർജിക്കാരനായ യുവാവിനൊപ്പം ജീവിക്കാൻ വഴിയൊരുങ്ങട്ടെയെന്നും കോടതി ഉത്തരവിട്ടത്.
Discussion about this post