പേരിൽ പോലും ഏറെ നിഗൂഢതകളും രഹസ്യങ്ങളും ഒളിപ്പിച്ച ഒരു തുരുത്തുണ്ട് ഇങ്ങു കേരളത്തിൽ. പൊന്നുംതുരുത്ത്.. പേരിനെ അന്വർത്ഥമാക്കുന്ന ചരിത്രം തന്നെയാണ് പൊന്നുംതുരുത്തിനുള്ളത്. തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് കായലിന് നടുവിലെ പൊന്നുംതുരുത്ത് എന്ന ഗോൾഡൻ ഐലാന്റിന് കഥകളേറെയുണ്ട് പറയാൻ..
നൂറ്റാണ്ടുകൾക്ക് മുൻപ് രാജഭരണത്തിന്റെ കാലത്ത് യുദ്ധം നടന്നുകൊണ്ടിരിക്കെ, ആറ്റിങ്ങൽ രാജകൊട്ടാരത്തിലെ മഹാറാണിമാരുടെ സ്വർണാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുമൊന്നും കൊട്ടാരത്തിൽ സൂക്ഷിക്കാൻ കഴിയാത്ത അവസ്ഥ വന്നു. ഇതോടെ ഈ വസ്തുക്കളെല്ലാം മനുഷ്യവാസമില്ലാതിരുന്ന ഈ ചെറുതുരുത്തിൽ കൊണ്ട് കാലങ്ങളോളം സൂക്ഷിച്ചു. ഈ നിധിയ്ക്ക് അന്ന് നാഗങ്ങൾ കാവലിരുന്നുവെന്നുമാണ് ഒരു കഥ പറയുന്നത്. പൊന്നു സൂക്ഷിച്ചിരുന്ന ഈ തുരുത്ത് അങ്ങനെ പൊന്നുംതുരുത്ത് ആയി.
ത്രേതായുഗത്തിൽ മരുത്വാമലയുമയായി ഹനുമാൻ കായലിന് മുകളിലൂടെ പോകുന്ന സമയത്ത് മലയുടെ ഒരു ഭാഗം അടർന്ന് വീണതാണ് പൊന്നുംതുരുത്തെന്ന് മറ്റൊരു കഥയും പ്രചാരത്തിലുണ്ട്. വനവാസക്കാലത്ത് പാണ്ഡവർ ഇവിടെ എത്തിയിരുന്നതായും കഥകളുണ്ട്.
ദ്വീപിൽ ഒരു ശിവ പ്രതിഷ്ഠയുണ്ട്. അടുത്ത കരകളിൽ നിന്നും പുല്ല് ചെത്താൻ എത്തിയവർ അവിടെ ഒരു വിഗ്രഹം കണ്ടെത്തുകയും പിന്നീട് ശ്രീനാരായണ ഗുരുദേവൻ ഇവിെട ശിവ പ്രതിഷ്ഠ നടത്തിയെന്നുമാണ് വിശ്വാസം. കാലക്രമേശണ നവീകരിച്ച ക്ഷേത്രത്തിൽ ശിവപാർവതിമാരുടെ പ്രതിഷ്ഠ നടത്തുകയും ഗണപതി, മഹാവിഷ്ണു, നാഗദൈവങ്ങഹ എന്നിവരെ കൂടി പ്രതിഷ്ഠിക്കുകയും ചെയ്തു.
മൂന്ന് ഏക്കറോളം വിസ്തൃതി മാത്രമാണ് തുരുത്തിനുള്ളത്. നെടുങ്ങണ്ട വല്യപുരയ്ക്കൽ കുടുംബത്തിന്റെ പേരിലാണ് തുരുത്ത്. പിന്നീട് തുരുത്ത് സംരക്ഷിക്കുന്നതിന് ട്രസ്റ്റ് രൂപീകരിച്ചു. 2008ൽ ഈ ട്രസ്റ്റിന് കീഴിൽ പൊന്നുംതുരുത്ത് ഒരു ടൂറിസ്റ്റ് സ്‌പോട്ട് ആക്കി മാറ്റുകയായിരുന്നു.
Discussion about this post