ലണ്ടൻ: ഇന്ത്യയിലെ ക്ഷേത്രത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട 600 വർഷം പഴക്കമുള്ള വെങ്കല വിഗ്രഹം ഇന്ത്യയ്ക്ക് തിരികെ നൽകാൻ ഒരുങ്ങി ഓക്‌സ്‌ഫോർഡ് സർവ്വകലാശാല. തമിഴ്‌നാട്ടിലെ ക്ഷേത്രത്തിൽ നിന്നായിരുന്നു വിഗ്രഹം മോഷണം പോയിരുന്നത്. ഈ വർഷം മാർച്ച് 11 ന് അഷ്മോലിയൻ മ്യൂസിയത്തിൽ നിന്ന് തിരുമങ്കൈ ആൾവാറിന്റെ 16-ാം നൂറ്റാണ്ടിലെ വെങ്കല ശിൽപം തിരികെ നൽകണമെന്ന ഇന്ത്യൻ ഹൈക്കമ്മീഷന്റെ ആവശ്യത്തെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി കൗൺസിൽ പിന്തുണച്ചതായാണ് റിപ്പോർട്ട്. ഇന്ത്യൻ സർക്കാരും വിഗ്രഹം തിരികെ നൽകണമെന്ന് ഔപചാരികമായി ആവശ്യപ്പെട്ടിരുന്നു.
തിരുമങ്കൈ ആൾവാറിന്റെ 60 സെന്റീമീറ്റർ ഉയരമുള്ള പ്രതിമ, ഡോ. ജെ.ആർ. ബെൽമോണ്ടിന്റെ(1886-1981) ശേഖരത്തിൽ നിന്ന് 1967-ൽ സോത്ത്ബിയുടെ ലേലശാലയിൽ നിന്നാണ് ഓക്സ്ഫോർഡ് സർവകലാശാലയിലെ അഷ്മോലിയൻ മ്യൂസിയം സ്വന്തമാക്കിയത്.
കഴിഞ്ഞ വർഷം നവംബറിൽ ഒരു സ്വതന്ത്ര ഗവേഷകൻ പുരാതന വിഗ്രഹത്തിന്റെ യഥാർത്ഥ അവകാശികളെ കുറിച്ച് സർവ്വകലാശാലയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
അനധികൃത ഇറക്കുമതി, കയറ്റുമതി, സാംസ്‌കാരിക സ്വത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റം എന്നിവ നിരോധിക്കുന്നതിനും തടയുന്നതിനുമായി1970ലെ യുനെസ്‌കോ കൺവെൻഷൻ സംസ്‌കാരിക സമ്പത്തിനെ നിർവചിക്കുന്നത്, പുരാവസ്തുശാസ്ത്രം, ചരിത്രാതീതകാലം, ചരിത്രം, സാഹിത്യം, കല അല്ലെങ്കിൽ ശാസ്ത്രം എന്നിവയ്ക്ക് പ്രാധാന്യമുള്ള രാജ്യങ്ങളുടെ സ്വത്തായാണ്. ‘സാംസ്‌കാരിക സ്വത്തുക്കളുടെ അനധികൃത ഇറക്കുമതി, കയറ്റുമതി, ഉടമസ്ഥാവകാശം കൈമാറ്റം എന്നിവ അത്തരം സ്വത്തിന്റെ ഉത്ഭവ രാജ്യങ്ങളുടെ സാംസ്‌കാരിക പൈതൃകം ദരിദ്രമാക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്, ഈ വിഷയത്തിൽ അന്താരാഷ്ട്ര സഹകരണം വളരെ പ്രധാനമാണ്.’ യുഎൻ ജനറൽ അസംബ്ലി 2000ത്തിലും യുഎൻ സുരക്ഷാ സമിതി 2015ലും 2016ലും ഈ വിഷയത്തിൽ ആശങ്കകൾ ഉന്നയിച്ചിരുന്നു. 2019ലെ ഒരു ഇന്റർപോൾ റിപ്പോർട്ടിൽ, യുനെസ്‌കോ കൺവെൻഷന് ഏകദേശം 50 വർഷങ്ങൾക്ക് ശേഷം സാംസ്‌കാരിക വസ്തുക്കളുടെ അനധികൃതമായ കടത്തും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും നിരാശാജനകമായ രീതിയിൽ വർധിച്ചുവരികയാണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
Discussion about this post