കുവൈറ്റ് സിറ്റി : കുവൈറ്റിലെ ലേബർ ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 49 കടന്നു. മരണപ്പെട്ടവരിൽ ഭൂരിഭാഗവും ഇന്ത്യൻ തൊഴിലാളികളാണ്. ബുധനാഴ്ച രാവിലെയാണ് കുവൈറ്റിലെ കെട്ടിട നിർമ്മാണ തൊഴിലാളികൾ താമസിച്ചിരുന്ന അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ തീപിടുത്തം ഉണ്ടായത്. മരിച്ചവരിൽ പതിനൊന്നോളം പേർ മലയാളികളാണ്.
കുവൈറ്റ് ലേബർ ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടവർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനങ്ങൾ രേഖപ്പെടുത്തി. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും ആവശ്യമായ എല്ലാ സഹായങ്ങളും ഇന്ത്യ നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ത്യയുടെ പ്രതിനിധിയായി വിദേശകാര്യ സഹമന്ത്രി കെവി സിംഗ് കുവൈറ്റിലേക്ക് ഉടൻ തിരിക്കും.
കുവൈറ്റിലെ തെക്കൻ അഹമ്മദി ഗവർണറേറ്റിലെ മംഗഫ് ഏരിയയിലെ ആറ് നില കെട്ടിടത്തിന്റെ അടുക്കളയിൽ നിന്നുമാണ് തീപിടുത്തം ആരംഭിച്ചത്. കെട്ടിടത്തിൽ ഒരേ കമ്പനിയിലെ തൊഴിലാളികളായ 160 ഓളം പേർ ആയിരുന്നു താമസിച്ചിരുന്നത്. മരിച്ചവരിൽ ഭൂരിഭാഗവും 20 നും 50 നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പൗരന്മാരാണ്. അപകടത്തിൽ 50ലേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.
Discussion about this post