ഇസ്ലാമാബാദ്; സാമ്പത്തികമായും രാഷ്ട്രീയമായും തകർന്നിരിക്കുകയാണ് പാകിസ്താൻ. ഭക്ഷ്യധാന്യങ്ങളടക്കം കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. ജനങ്ങളുടെ ഈ ദുരവസ്ഥയ്ക്ക് ആരാണ് ഉത്തരവാദിയെന്നും പരിഹാരിയെന്നുമുള്ള തർക്കങ്ങൾ ഒഴിഞ്ഞ നേരമില്ല. ഇതിനിടെ രാജ്യത്ത് ധനമന്ത്രി അവതരിപ്പിച്ച സാമ്പത്തിക സർവ്വേ സർക്കാരിന് കൂനിൽമേൽ കുരുവായി മാറിയിരിക്കുകയാണ്. 2023-24 സാമ്പത്തിക വർഷത്തെ നേട്ടങ്ങൾ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച സർവ്വേയിൽ പക്ഷേ രാജ്യത്തെ കോട്ടങ്ങൾ മാത്രമേ ഉള്ളൂയെന്നാണ് വിവരം. ലക്ഷ്യമിട്ട ജിഡിപി വളർച്ചയ്‌ക്കൊപ്പം എന്തായാലും പാകിസ്താന് എത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് സർവ്വേയിൽ നിന്ന് വ്യക്തമാകുന്നത്. 2.38 ശതമാനം മാത്രമാണ് ജിഡിപി വളർച്ച. വ്യവസായങ്ങളുടെയും സേവനമേഖലകളിലെയും മോശം പ്രകടനമാണ് ഇതിന് കാരണം.
എന്നാൽ പട്ടിണിയാവുമെന്ന് മനസിലായി കൃഷിയിലേക്ക് കാര്യമായി ജനം ശ്രദ്ധിച്ചതോടെ കാർഷികമേഖലയ്ക്ക് അനക്കം വച്ചിട്ടുണ്ട്. കഴിഞ്ഞ 19 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വളർച്ചയായ 6.25 ശതമാനമാണ് കാർഷികമേഖല കൈവരിച്ചതെന്നാണ് സർക്കാർ വാദം.
ഇതിനിടെ വളരെ കൗതുകരമായ കാര്യവും സർവ്വേയിലൂടെ കണ്ടെത്തുകയുണ്ടായി. രാജ്യത്തെ കഴുതകളുടെ എണ്ണം ഗണ്യമായി വർദ്ധിക്കുകയാണത്രേ. 202324 സാമ്പത്തിക വർഷത്തിൽ പാകിസ്താനിലെ കഴുതകളുടെ എണ്ണം 1.72 ശതമാനം വർധിച്ച് 5.9 ദശലക്ഷത്തിലെത്തിയെന്ന് കന്നുകാലികളെക്കുറിച്ചുള്ള ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കഴുതകളുടെ ജനസംഖ്യ 2019-2020 ൽ 5.5 ദശലക്ഷവും 2020-21 ൽ 5.6 ദശലക്ഷവും 2021-22 ൽ 5.7 ദശലക്ഷവും 2022-23 ൽ 5.8 ദശലക്ഷവുമാണ്. 2023-24ൽ ഇത് 5.9 ദശലക്ഷമായി ഉയർന്നു.
അതേസമയം രാജ്യത്ത് ഇങ്ങനെ കഴുതകളുടെ എണ്ണം വർദ്ധിക്കുന്നതിന് പിന്നിലെ മൂലകാരണം ചൈനയാണെന്നാണ് വിവരം. ചൈനയും പാകിസ്താനും 2019 ൽ പുതിയ വിദേശവിനിമയ കരാറിൽ ഏർപ്പെട്ടിരുന്നു. പാകിസ്താനിലെ കഴുതഫാമിൽ നിക്ഷേപം നടത്താനായിരുന്നു ചൈനയുടെ പദ്ധതി.കഴുതകളോട് ചൈനയ്ക്ക് പണ്ട് കാലത്തെ വലിയ പ്രിയമാണ്. പരമ്പരാഗത ചൈനീസ് മരുന്ന് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ജെലാറ്റിൻ, കഴുതകളുടെ ചർമ്മത്തിൽ നിന്നാണ് എടുക്കുന്നത്. എന്തിനും ഏതിനും ജെലാറ്റിൻ ചേർത്ത മരുന്നാണ് ചീനികൾക്ക് പ്രിയം. കാരണം ഈ ജെലാറ്റിന് വലിയ രോഗപ്രതിരോധ ശേഷിയുണ്ടെന്നാണ് അവർ വിശ്വസിക്കുന്നത്. ജെലാറ്റിൻ വേർതിരിക്കുന്നതിനായി കഴുതകളെ വ്യാപകമായി അറുത്ത് തൊലി തിളപ്പിച്ച് എടുക്കുമത്രേ. തൊലി മാത്രമല്ല, കഴുതയുടെ മാംസം,പാൽ എന്നിവയ്ക്കും ചൈനയിൽ വൻ ഡിമാൻഡ് ആണ്.
ചൈനക്കാരുടെ ഈ കഴുത പ്രിയം തങ്ങൾക്ക് വിദേശനാണ്യം നേടിത്തരാനുള്ള വഴിയായിട്ടാണ് പാകിസ്താനികൾ കണക്കാക്കിയിരിക്കുന്നത്. അത് കൊണ്ട് തന്നെ വീട്ടിൽ അടുപ്പ് പുകഞ്ഞില്ലെങ്കിലും ഫാമിലെ കഴുതകൾക്കുള്ള ഭക്ഷണം പാകിസ്താനിലെ കർഷകർ ഉറപ്പാക്കും.രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ഉണർത്താനായി പാക് സർക്കാർപഞ്ചാബ് പ്രവിശ്യയിലെ ഒകാര ജില്ലയിൽ 3,000 ഏക്കറിലധികം വരുന്ന ഒരു കഴുത ഫാം പോലും സ്ഥാപിച്ചിരുന്നു.
Discussion about this post