ഇന്ത്യൻ സ്ത്രീ സൗന്ദര്യത്തിന്റെയും ഫാഷന്റെയും രാജകീയതയുടെയും ക്ലാസിക് പ്രതീകം… വിശ്വസുന്ദരികളിലൊരാൾ… ഇങ്ങനെ വിശേഷണങ്ങളേറെയുണ്ട് മഹാറാണി ഗായത്രീ ദേവി അല്ലെങ്കിൽ രാജമാതാ ഗായത്രീ ദേവിയ്ക്ക്. ഇന്ദിരാഗാന്ധിയെ വിമർശിച്ച ഒറ്റ കാരണം കൊണ്ട് അടിയന്തരാവസ്ഥാ കാലത്ത് ജയിലിൽ കിടക്കേണ്ടി വന്നിട്ടുള്ള ഈ സുന്ദരി ഏറ്റവും കൂടുതൽ വോട്ടുകൾ നേടി ഗിന്നസ് ബുക്കിൽ ഇടം പിടിച്ച രാഷ്ട്രീയക്കാരി കൂടിയാണ്…
കൂച്ച് ബിഹാർ രാജ്യത്തെ ജിതേന്ദ്ര നാരായണൻ തമ്പുരാന്റെയും ബറോഡ രാജകുടുംബത്തിലെ ഇന്ദിരാ രാജിയുടെയും മകളായി, കുച്ച് ബിഹാർ രാജകുമാരിയായി 1919 മെയ് 23നായിരുന്നു ഗായത്രീ ദേവിയുടെ ജനനം. അമ്മ ഇന്ദിരാ രാജിയോടെപ്പമുള്ള യാത്രകൾ തെന്നയാണ് ഗായത്രീ ദേവിയുടെ ജീവിത വീക്ഷണങ്ങളെ കരുപിടിപ്പിച്ചത്. 19-ാം വയസിൽ ജയ്പൂരിലെ സവായി മാൻ സിംഗ് രണ്ടാമനുമായി പ്രണയത്തിലായി. അദ്ദേഹത്തെ വരിച്ച് ജയ്പൂർ കൊട്ടാരത്തിന്റെ പടവുകൾ കയറിയതോടെ ഗായത്രീ ദേവി ജയ്പൂരിന്റെ മൂന്നാമത്തൈ മഹാറാണിയായി മാറുകയായിരുന്നു. ഇതിന് ശേഷമാണ് ഗായത്രീ ദേവി ജയ്പൂർ റാണിയെന്നും രാജമാതായെന്നും അറിയപ്പെട്ടു തുടങ്ങിയത്.
ഇന്ത്യ റിപ്പബ്ലിക്ക് ആയതിന് ശേഷം രാജഭരണം അവസാനിച്ചെങ്കിലും ജയ്പൂരിലെ രാജകുടുംബങ്ങൾ അതേ പ്രതാപത്തിൽ തന്നെയായിരുന്നു ജീവിച്ചിരുന്നത്. രാജകുടുംബത്തിന്റെ അനുഷ്ഠാനങ്ങളാൽ ചുറ്റപ്പെട്ട് ജയ്പൂർ കൊട്ടാരത്തിന്റെ നടുത്തളങ്ങളിൽ കഴിഞ്ഞിരുന്ന ഗായത്രീ ദേവി 1962ൽ രാഷ്ട്രീയത്തിലേക്ക് ചുവട് വച്ചു. സി രാജഗോപാലാചാരിയുടെ നേതൃത്വത്തിൽ കോൺഗ്രസിനെതിരായി സ്വതന്ത്രാ പാർട്ടി സ്ഥാപിക്കാൻ നേതൃത്വം നൽകിയത് ഗായത്രീ ദേവിയായിരുന്നു. 1962ൽ തന്റെ ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ ജയ്പൂർ ലോക്‌സഭാ മണ്ഡലത്തിൽ പോൾ ചെയ്ത 2,46,516 വോട്ടുകളിൽ 1,92,909 വോട്ടുകൾ നേടി ഗായത്രീ ദേവി ഗിന്നസ് ബുക്കിൽ ഇടം നേടി. 1967ലും 71ലും ഈ വിജയം ആവർത്തിച്ചുകൊണ്ട് അവർ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
എന്നാൽ, സ്വതന്ത്ര പാർട്ടിയെ തകർക്കുന്നതിന്റെ ഭാഗമായി പ്രിവിപഴ്‌സ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും സ്വതന്ത്ര ഇന്ത്യയുടെ രൂപവൽക്കരണ സമയത്തെ ധാരണപ്രകാരം രാജകുടുംബാംഗങ്ങൾക്കുള്ള പ്രത്യേക അവകാശങ്ങളും അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി ഗായത്രീ ദേവിക്ക് നിഷേധിച്ചു. ഇതിൽ ഇന്ദിരാഗാന്ധിയോട് കടുത്ത എതിർപ്പുണ്ടായിരുന്നു ഗായത്രീ ദേവിയ്ക്ക്. രാജകുടുംബങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കിയതിൽ നിരന്തരം വിമർശനം ഉന്നയിച്ചിരുന്ന ഗായത്രീ ദേവി ഇന്ദിരാ ഗാന്ധിയുടെ കടുത്ത അതൃപ്തിക്ക് പാത്രമായി. തെറ്റായ നികുതി രേഖകൾ സമർപ്പിച്ചുവെന്ന പേരിൽ അടിയന്തരാവസ്ഥക്കാലത്ത് ഗായത്രീ ദേവിയെ ആറ് മാസത്തോളം തിഹാർ ജയിലിൽ ആക്കി. ഇതോടെ സജീവ രാഷ്ട്രീയ ജീവിതം അവർ അവസാനിപ്പിക്കുകയായിരുന്നു.
രാഷ്ട്രീയത്തിലും സാമൂഹിക ജീവിതത്തിലും വ്യക്തിമുദ്ര പതിപ്പിച്ച ഗായത്രീ ദേവി പെൺകുട്ടികളുടെ വിദ്യഭ്യാസത്തിനായി പ്രവർത്തിച്ചിട്ടുണ്ട്. ജയ്പൂരിലെ രണ്ട് സ്‌കൂളുകളുടെ സ്ഥാപകയായ അവർ പെൺകുട്ടികളുടെ വിദ്യഭ്യാസത്തിനായി ജയ്പൂരിൽ തുടങ്ങിയ സ്‌കൂൾ ഇപ്പോൾ മഹാറാണി ഗായത്രി ദേവി ഗേൾസ് പബ്ലിക് സ്‌കൂൾ എന്ന് അറിയപ്പെടുന്നു. ഇന്ത്യയിലെ ആദ്യശെത്ത 3 ഡി ഡോക്യുമെന്ററി ഗായത്രീ ദേവിയെ കുറിച്ചുള്ളതാണ്. 2009ൽ തന്റെ 90ാം വയസിലായിരുന്നു ഗായത്രീ ദേവി ഈ ലോകത്തോട വിടപറഞ്ഞത്.
തന്റെ അവസാന കാലം വരെ രാജകീയ ജീവിതം നയിച്ച ഗായത്രീ ദേവി ഇന്ത്യൻ രാജവംങ്ങളുടെ അവസാന മഹാറാണിമാരിലൊരാളായിരുന്നു.
Discussion about this post