ന്യൂഡൽഹി : ജമ്മു കശ്മീരിലെ തുടർച്ചയായ ഭീകരാക്രമണങ്ങളെ തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്താനായി കേന്ദ്രസർക്കാരിന്റെ പ്രത്യേക അവലോകനയോഗം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണ് ജമ്മു കശ്മീർ സുരക്ഷയുമായി ബന്ധപ്പെട്ട പ്രത്യേക അവലോകനയോഗം നടന്നത്. പ്രധാനമന്ത്രിയെ കൂടാതെ ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും അവലോകന യോഗത്തിൽ പങ്കെടുത്തു.
രാജ്യത്തിന്റെ ഭീകരവിരുദ്ധ കഴിവുകൾ പൂർണമായും ജമ്മു കശ്മീരിൽ പുറത്തെടുക്കണമെന്ന് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. സൈന്യത്തിലെയും ഭീകരവിരുദ്ധ സേനകളിലെയും ഉയർന്ന ഉദ്യോഗസ്ഥരും അവലോകന യോഗത്തിൽ പങ്കെടുത്തു. സുരക്ഷാ സേന നടത്തുന്ന ഭീകരവിരുദ്ധ നടപടികളെക്കുറിച്ച് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ അറിയിച്ചു. ഭീകരരെ ഉന്മൂലനം ചെയ്യുന്നതിനുള്ള കരസേനയുടെ പദ്ധതികളെക്കുറിച്ചും തന്ത്രങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പ്രത്യേക റിപ്പോർട്ടുകൾ തേടിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായും പ്രധാനമന്ത്രി ചർച്ച നടത്തി. കശ്മീരിൽ ഭീകരവിരുദ്ധ സേനകളുടെ പൂർണ്ണ വിന്യാസം നടപ്പിലാക്കാൻ പ്രധാനമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post